പെണ്‍കുട്ടികള്‍ക്കിടയിൽ ആത്മഹത്യാ പ്രവണത കൂടുന്നത് ആശങ്കാജനകമെന്ന് വനിതാ കമ്മീഷന്
1579240
Sunday, July 27, 2025 7:36 AM IST
കാസർഗോഡ്: കേരളീയ സമൂഹത്തില്‍ അടുത്തകാലത്തായി പെണ്‍കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്ന സാഹചര്യം ആശങ്ക ഉളവാക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന് അംഗം അഡ്വ.പി. കുഞ്ഞായിഷ പറഞ്ഞു.
കുടുംബാന്തരീക്ഷത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കുടുംബത്തിനകത്ത് നിന്നും സമൂഹത്തില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക് നല്ല പിന്തുണ ലഭിക്കേണ്ടതുണ്ടെന്നും കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മീഷൻ നടത്തിയ സിറ്റിംഗിന് ശേഷം അവർ പറഞ്ഞു.
ഗാര്‍ഹിക പീഡനം, സ്വത്ത് തര്‍ക്കം, സ്വര്‍ണം-ഭൂമി ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൂടുതലായും കമ്മീഷന് മുന്നിലെത്തിയത്. സമൂഹത്തില്‍ വിദ്യാഭ്യാസ നിലവാരം ഉയരുമ്പോഴും സ്ത്രീകള്‍ക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ തെറ്റായ പരാമര്‍ശങ്ങള്‍ നടത്തുന്നതുപോലുള്ള തെറ്റായ പ്രവണതകള്‍ വളര്‍ന്നു വരുന്നുണ്ടെന്ന് കമ്മീഷന് അംഗം നിരീക്ഷിച്ചു.
സിറ്റിംഗില്‍ ആകെ 52 പരാതികള്‍ പരിഗണിച്ചു. ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി.
ഒരു പരാതി ജാഗ്രതാ സമിതിക്ക് വിട്ടു. 42 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. വുമണ്‍ സെല്‍ എസ്ഐ എം.വി. ശരണ്യ, എഎസ്ഐ എ.എം. ശാരദ, ഫാമിലി കൗണ്‍സലര്‍ രമ്യമോള്‍, ജില്ലാ ജാഗ്രതാസമിതി കൗണ്‍സലര്‍ പി. സുകുമാരി, ഐസിഡിഎസ് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ അമല മാത്യു എന്നിവരും പങ്കെടുത്തു.