വോട്ടെടുപ്പിന് 5970 ബാലറ്റ് യൂണിറ്റുകളും 2110 കണ്ട്രോള് യൂണിറ്റുകളും
1579625
Tuesday, July 29, 2025 2:42 AM IST
കാസര്‍ഗോഡ്: ഈവര്‍ഷം നടക്കുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ ഒന്നാം ഘട്ട പരിശോധന കളക്ടറേറ്റിലെ ജില്ലാ വെയര്‍ഹൗസിന് സമീപത്ത് തയ്യാറാക്കിയ പ്രത്യേക ഹാളില്‍ ആരംഭിച്ചു.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വെയര്‍ഹൗസ് തുറന്ന് വോട്ടിംഗ് മെഷീനുകള്‍ ആദ്യഘട്ടപരിശോധനയ്ക്ക് നല്കി. 20 ടീമുകള്‍ അടങ്ങുന്ന ബാച്ചാണ് പരിശോധന നടത്തുന്നത്. ഒരു സമയം 20 കണ്ട്രോള് യൂണിറ്റുകളും 60 ബാലറ്റ് യൂണിറ്റുകളും പരിശോധിച്ച് സൂക്ഷിക്കും.
പരിശോധനയില്‍ ഇലക്ഷന് ഡെപ്യൂട്ടി കളക്ടറുടെ ചുമതലകൂടിയുള്ള എഡിഎം പി. അഖില്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം. കുഞ്ഞമ്പു നമ്പ്യാര്‍, ടി.എം.എ. കരീം, എം. ശ്രീധര, ഉമ്മര്‍ പാടലടുക്ക എന്നിവര്‍ പങ്കെടുത്തു.
വോട്ടിംഗ് മെഷീനുകളുടെ ഒന്നാംഘട്ട പരിശോധന ഓഗസ്റ്റ് 20 വരെ തുടരും. ആകെ 5970 ബാലറ്റ് യൂണിറ്റുകളും 2110 കണ്ട്രോള് യൂണിറ്റുകളുമാണ് പരിശോധിക്കുക.
ഒരു ദിവസം ഏഴു റൗണ്ടുകളിലായി 140 കണ്ട്രോള് യൂണിറ്റുകളും 420 ബാലറ്റ് യൂണിറ്റുകളും പരിശോധിക്കും. തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍, വോട്ടിംഗ് മെഷീന് നിര്‍മാണ കമ്പനിയായ ഇസിഐഎല്ലിന്റെ രണ്ട് എന്‍ജിനിയര്‍മാര്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കുന്നു.