കിദൂർ പക്ഷിഗ്രാമത്തിൽ സഞ്ചാരികൾക്കായി കൂടൊരുങ്ങുന്നു
1578645
Friday, July 25, 2025 1:48 AM IST
കുമ്പള: ജില്ലയിലെ ആദ്യ പക്ഷിഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട കിദൂരിൽ പക്ഷിനിരീക്ഷകർക്കും ഗവേഷകർക്കും സഞ്ചാരികൾക്കുമായുള്ള വിശ്രമകേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായി. കിദൂർ കുണ്ടങ്കരടുക്കയിൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പിനു കീഴിലാണ് വിശ്രമകേന്ദ്രം നിർമിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താനാണ് ഒരുക്കങ്ങൾ നടക്കുന്നത്.
വിശ്രമകേന്ദ്രത്തിന്റെ നടത്തിപ്പിനായി സ്വകാര്യ ഏജൻസികളിൽ നിന്ന് ടെൻഡർ വിളിക്കും.
2019 ൽ കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ ചെലവിലാണ് കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. ജില്ലാ നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല. പ്രവൃത്തികൾ പൂർത്തിയാക്കുന്നതിലുണ്ടായ കാലതാമസം വലിയ വിമർശനങ്ങളും ക്ഷണിച്ചുവരുത്തിയിരുന്നു.
മീറ്റിംഗ് ഹാൾ,ഓഫീസ് മുറി, താമസത്തിനായുള്ള മുറികൾ, അടുക്കള എന്നിവയെല്ലാം കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
ദേശാടനക്കിളികളടക്കം 174 വ്യത്യസ്ത ഇനം പക്ഷികളെയാണ് 10 ഏക്കർ വിസ്തൃതിയിലുള്ള കിദൂർ കുണ്ടങ്കരടുക്ക പ്രദേശങ്ങളിൽ ഇതുവരെയായി കണ്ടെത്തിയിട്ടുള്ളത്. കടുത്ത വേനലിൽപോലും ഇതുവരെ വറ്റിയിട്ടില്ലാത്ത കാജൂർ പള്ളം എന്ന പ്രകൃതിദത്ത ജലാശയവും കിദൂറിന്റെ പ്രത്യേകതയാണ്. ഈ ജലാശയത്തിന്റെ സാന്നിധ്യമാണ് കൂടുതലായും പക്ഷികളെ ആകർഷിക്കുന്നത്. സഞ്ചാരികൾക്കായി അടിസ്ഥാനസൗകര്യങ്ങളൊരുങ്ങുന്നതോടെ കൂടുതൽ പക്ഷിനിരീക്ഷകരും ഗവേഷകരും വിദ്യാർഥികളും വിനോദസഞ്ചാരികളുമെല്ലാം കിദൂരിലേക്കെത്തുമെന്നാണ് പ്രതീക്ഷ.
അനന്തപുരം തടാക ക്ഷേത്രം, മുജുംഗാവ് ക്ഷേത്രം, ബേള വ്യാകുലമാതാവിന്റെ പള്ളി, ആരിക്കാടി കോട്ട തുടങ്ങിയ സമീപ സ്ഥലങ്ങളുമായി ബന്ധപ്പെടുത്തി കുമ്പള കേന്ദ്രമായി ഒരു വിനോദസഞ്ചാര സർക്യൂട്ടിനും സാധ്യത തെളിയും.