സാരിവലയും ചെറുവലയും കവ്വായിക്കായലിലെ മത്സ്യസമ്പത്തിന് ഭീഷണിയാകുന്നു
1578116
Wednesday, July 23, 2025 2:02 AM IST
തൃക്കരിപ്പൂർ: സാരിവലയും ചെറുവലയും ഉപയോഗിച്ചുള്ള അശാസ്ത്രീയമായ മീൻപിടിത്തം കവ്വായിക്കായലിലെ മത്സ്യസമ്പത്തിന് ഭീഷണിയാകുന്നു. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വറുതിയിലാക്കുകയാണ്. കാലങ്ങളായി കാലവർഷത്തിന്റെ തുടക്കത്തിൽ വിവിധതരം കായൽ മത്സ്യങ്ങൾ യഥേഷ്ടം ലഭിച്ചു വന്നിരുന്ന വലിയപറമ്പ്, ഇടയിലക്കാട്, പടന്നക്കടപ്പുറം ഭാഗങ്ങളിൽ വലയിറക്കുന്ന തൊഴിലാളികൾ ഇപ്പോൾ വെറുംകൈയോടെ മടങ്ങുന്ന നിലയിലാണ്.
ഒരു വിഭാഗം ആളുകൾ സാരിവല എന്ന പേരിൽ അറിയപ്പെടുന്ന ചെറുതും വലുതുമായ കണ്ണികളുള്ള വ്യത്യസ്ത വലകൾ കൂട്ടിയോജിപ്പിച്ച് വേലിയേറ്റ വേളയിൽ അഴിമുഖത്ത് വിരിക്കുന്നതുമൂലമാണ് കടലിൽ നിന്ന് കായലിലേക്ക് മത്സ്യങ്ങൾ വരാത്ത സ്ഥിതിയായതെന്നാണ് ഇവർ പറയുന്നത്.
രുചിയിൽ ദേശാന്തര പെരുമയുള്ള കായൽ മത്സ്യങ്ങളിൽ പലതും ഇന്ന് കാണാൻ പോലും കിട്ടാനില്ലെന്ന് തൊഴിലാളികൾ പറയുന്നു. കല്ലുമീൻ അഥവാ കരിപ്പെട്ടി, കറുങ്ങാൻ അഥവാ കുടുകുടപ്പൻ, നോങ്ങോൽ, തിരുത, വഴുത തുടങ്ങി പല മത്സ്യങ്ങളും കിട്ടാതായിട്ട് മാസങ്ങളായി. മഴ മാസങ്ങളിൽ കിട്ടാറുള്ള തെളളി ചെമ്മീൻ, വെള്ള വലിയ ചെമ്മീൻ എന്നിവയും മുൻവർഷങ്ങളിലേത് പോലെ ഇത്തവണ കിട്ടിയിട്ടില്ല.
വട്ടത്തോണികളിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ചെറുവലകളുപയോഗിച്ച് നടത്തുന്ന മീൻപിടിത്തവും പരമ്പരാഗത തൊഴിലാളികളുടേതിൽ നിന്ന് വ്യത്യസ്തമാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കിഴക്കോട്ട് ഒഴുക്കിനനുകൂലമായി വീശുമ്പോൾ ഇവർ ഒന്നര മീറ്റർ നീളം മാത്രമുള്ള ചെറുവലകൾ ഉപയോഗിച്ച് അശാസ്ത്രീയമായ രീതിയിൽ തെക്ക്, വടക്ക് ഭാഗങ്ങളിലേക്ക് വലയെറിയുകയാണ് ചെയ്യുന്നതെന്നാണ് പരമ്പരാഗത തൊഴിലാളികൾ പറയുന്നത്.
ഇത്തരത്തിലുള്ള അശാസ്ത്രീയ മീൻപിടിത്തം നിയന്ത്രിക്കാൻ ഫിഷറീസ് അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.