അടയാളങ്ങൾ മാഞ്ഞ് വിഎസ് ഓട്ടോ സ്റ്റാൻഡ്
1577825
Tuesday, July 22, 2025 1:10 AM IST
നീലേശ്വരം: ഒരു നേതാവ് ജീവിച്ചിരിക്കുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ പേരിൽ ഏതെങ്കിലുമൊരു സ്ഥലവും ഓട്ടോ സ്റ്റാൻഡുമൊക്കെ അറിയപ്പെടുകയെന്ന അപൂർവമായ ബഹുമതിയാണ് നീലേശ്വരം നഗരമധ്യത്തിലെ വിഎസ് ഓട്ടോ സ്റ്റാൻഡിലൂടെ വിഎസിന് ലഭിച്ചത്. ഒരുകാലത്ത് രാഷ്ട്രീയതലത്തിൽ വിഎസുമായി ബന്ധപ്പെട്ട് എന്ത് സംഭവമുണ്ടായാലും ആദ്യ പ്രതികരണത്തിനായി സംസ്ഥാനതലത്തിൽ തന്നെ എല്ലാവരും ഉറ്റുനോക്കിയിരുന്നത് നീലേശ്വരത്തെ വിഎസ് ഓട്ടോ സ്റ്റാൻഡിലേക്കായിരുന്നു.
അന്ന് നീലേശ്വരം ടൗണിന്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നായിരുന്നു ബസ് സ്റ്റാൻഡിന് തൊട്ടടുത്ത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന വിഎസിന്റെ ചിത്രവും വിശേഷണങ്ങളും നിറഞ്ഞ ബോർഡോടുകൂടിയ വിഎസ് ഓട്ടോ സ്റ്റാൻഡ്. ഇവിടുത്തെ ഓട്ടോ ഡ്രൈവർമാരും സിപിഎമ്മിനുള്ളിലെ തിരുത്തൽശക്തിയായി നിന്ന ഒരുകൂട്ടം പുതുതലമുറക്കാരും വിഎസ് ഉയർത്തിയ മുദ്രാവാക്യങ്ങൾ ഏറ്റുപറഞ്ഞും പാർട്ടി നേതൃത്വത്തിന്റെ ശാസനകളെ ധിക്കരിച്ചും പലതവണ ഇവിടെ പ്രകടനങ്ങൾ നയിച്ചു.
ജില്ലയിലെ ഒരുവിഭാഗം പാർട്ടി നേതാക്കളും അതിനെ മനസുകൊണ്ടെങ്കിലും പിന്തുണച്ചു. കണ്ണൂരിനു വടക്കും പാർട്ടിയിൽ വേറിട്ട മുഖങ്ങളും സ്വരങ്ങളുമുണ്ടെന്ന് അവർ സംസ്ഥാന നേതൃത്വത്തോട് വിളിച്ചുപറഞ്ഞു. സിപിഎമ്മിന്റെ കാസർഗോഡ് ജില്ലാ കമ്മിറ്റി തന്നെ വിഎസ് വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്ന കാലമുണ്ടായിരുന്നു.
പക്ഷേ വർഷങ്ങൾക്കിപ്പുറം വിഎസിന്റെ ഏറ്റവും വലിയ സ്മാരകങ്ങളിലൊന്നാകേണ്ടിയിരുന്ന ഓട്ടോ സ്റ്റാൻഡിന്റെ അടയാളങ്ങൾ പോലും മാഞ്ഞുപോയിരിക്കുന്നു. വിഎസിന്റെ ചിത്രം സ്ഥാപിച്ചിരുന്ന മാവ് പെട്ടെന്നൊരു ദിവസം ഉണങ്ങിപ്പോയതുമുതൽ സിപിഎം തന്നെ ഭരിക്കുന്ന നഗരസഭ ബസ് സ്റ്റാൻഡിന്റെ വിപുലീകരണത്തിനായി ഓട്ടോ സ്റ്റാൻഡ് പഴയ സ്ഥാനത്തുനിന്ന് മാറ്റാൻ തീരുമാനിച്ചതുവരെ നീളുന്നു അതിന്റെ കാരണങ്ങൾ. ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കിയ പലരും കാലത്തിനൊപ്പം മറഞ്ഞുപോയി. മറ്റു പലരും പാർട്ടിക്ക് വിധേയരായി. പാർട്ടി നേതാക്കൾ ഓർക്കാനിഷ്ടപ്പെടാത്ത ചരിത്രത്തെ പാടേ മറന്നുകളഞ്ഞ ഒരു പുതുതലമുറ ഇവിടെ ഉയർന്നുവന്നു.
വിഎസിന്റെ നൂറാം പിറന്നാളാഘോഷമായിരുന്നു വിഎസ് ഓട്ടോ സ്റ്റാൻഡിൽ നടന്ന അവസാനത്തെ പൊതുപരിപാടി. വെല്ലുവിളികളുടെ കാലം അതിനകം കഴിഞ്ഞിരുന്നതിനാൽ പായസവിതരണമുൾപ്പെടെയുള്ള ആഘോഷങ്ങളിൽ പങ്കുചേരാൻ പാർട്ടി നേതാക്കളുൾപ്പെടെ എത്തിയിരുന്നു.
ഓട്ടോ സ്റ്റാൻഡ് ഇവിടെനിന്ന് മാറ്റാനുള്ള തീരുമാനവും അതിനകം അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇനി നവീകരിച്ച ബസ് സ്റ്റാൻഡ് വീണ്ടും തുറക്കുമ്പോൾ അതിനകത്ത് ഓട്ടോ സ്റ്റാൻഡിനു കൂടി സ്ഥലം മാറ്റിവച്ചിട്ടുണ്ട്. പക്ഷേ അതിന് വിഎസിന്റെ പേരോ ചിത്രമോ ഉണ്ടാകാനുള്ള സാധ്യത പൊതുവേ കുറവാണ്.