കല്യോട്ട് ഇരട്ടക്കൊലപാതകേസിലെ പ്രതിക്ക് പരോള്‍ നല്‍കിയത് വെല്ലുവിളി: കോണ്‍ഗ്രസ്
1578114
Wednesday, July 23, 2025 2:02 AM IST
കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത്ലാല്, കൃപേഷ് എന്നിവരെ നിഷ്ടൂരമായി കൊലപ്പെടുത്തിയ കേസില്‍ സിബിഐ കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ച കേസിലെ എട്ടാം പ്രതി സുബീഷ് വെളുത്തോളിക്ക് ജയില്‍ അഡ്വൈസറി ബോഡിന്റെ ശുപാര്‍ശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ 20 ദിവസത്തെ പരോള്‍ അനുവദിച്ച നടപടി നിന്ദ്യവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡിസിസി പ്രസിഡന്റ് പി. കെ. ഫൈസല്‍ പറഞ്ഞു.
ജയില്‍ അഡ്വൈസറി കമ്മിറ്റികള്‍ ക്രിമിനലുകളുടെ കയ്യിലായതിന്റെ ഭവിഷ്യത്താണ് ഇവിടെ ഉണ്ടായിരിക്കുന്നത്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ജില്ലയില്‍ ഇതുപോലുള്ള അനധികൃത പരോള്‍ നല്‍കുന്നതിലൂടെ ക്രിമിനലുകള്‍ക്ക് അക്രമം നടത്താനും കൊലപാതകത്തിനും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി നിയമത്തോടും കോടതിയോടുമുള്ള വെല്ലുവിളിയാണ്.
നിയമത്തെ അട്ടിമറിക്കുന്നതോടൊപ്പം സമൂഹം വെറുക്കുന്ന ക്രിമിനലുകള്‍ക്ക് ആവേശം പകരാനുള്ള നടപടിയാണ് പരോള്‍ കൊണ്ട് സിപിഎമ്മും സര്‍ക്കാരും ലക്ഷ്യമിടുന്നത് ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി പാര്‍ട്ടി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.