പുഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
1577750
Monday, July 21, 2025 10:02 PM IST
പാണത്തൂർ: വ്യാഴാഴ്ച പാണത്തൂർ മഞ്ഞടുക്കം പുഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.
ബെൽഗാം സ്വദേശിയായ ദുർഗപ്പ എന്ന അനിലി (18) ന്റെ മൃതദേഹം ഇന്നലെ രാവിലെയാണ് വട്ടക്കുണ്ട് ഭാഗത്ത് പുഴയിലെ കുറ്റിച്ചെടികൾക്കിടയിൽ കുരുങ്ങിക്കിടന്ന നിലയിൽ കണ്ടെത്തിയത്.
പ്രദേശവാസി നെല്ലിക്കുന്നിലെ ബാബുവാണ് മൃതദേഹം കണ്ടത്. പാണത്തൂരിലെ പ്ലാന്റേഷന് കോര്പ്പറേഷന് കശുമാവിന് തോട്ടത്തില്‍ ജോലി ചെയ്യുന്ന ഹിറ്റാച്ചി ഡ്രൈവറുടെ സഹായിയായി എത്തിയതായിരുന്നു.
വ്യാഴാഴ്ച ഉച്ചഭക്ഷണത്തിനായി ബൈക്കിൽ മഞ്ഞടുക്കം ചപ്പാത്ത് കടന്നുപോകുമ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. കഴിഞ്ഞ മൂന്നു ദിവസമായി അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും എൻഡിആർഎഫിന്റെയും നേതൃത്വത്തിൽ പുഴയിൽ തെരച്ചിൽ നടത്തിവരികയായിരുന്നു. മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.