സംശയിക്കേണ്ട, റോഡ് തന്നെ!
1577828
Tuesday, July 22, 2025 1:10 AM IST
മുള്ളേരിയ: കാറഡുക്ക പഞ്ചായത്തിലെ ഗാന്ധിനഗർ-നെച്ചിപ്പടുപ്പ്-വടക്കേക്കര റോഡിലൂടെ വണ്ടിയെടുത്ത് കുറച്ചുദൂരം മുന്നോട്ടുപോയിക്കഴിഞ്ഞാൽ ഗൂഗിൾ മാപ്പ് വഴിതെറ്റിച്ച് വല്ല തോട്ടിലേക്കുമാണോ എത്തിച്ചതെന്ന് സംശയിച്ചുപോകും. നെച്ചിപ്പടുപ്പിൽ ഏതാണ്ട് 150 മീറ്ററോളം ദൂരം റോഡിൽ ഒന്നര അടിയിലേറെ ഉയരത്തിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. മഴ പെയ്യുന്ന മുറയ്ക്ക് വെള്ളത്തിന്റെ അളവ് കൂടുന്നു. ഒഴുകിപ്പോകാൻ ഒരിടവുമില്ലാത്തതുകൊണ്ടാണ് റോഡിൽ തന്നെ ഇത്രയും വെള്ളം കെട്ടിക്കിടക്കുന്നത്.
ഇരുവശങ്ങളിലും സ്വകാര്യ വ്യക്തികൾ മതിൽ കെട്ടിയുയർത്തിയതോടെയാണ് വെള്ളത്തിന് ഒഴുകിപ്പോകാൻ ഇടമില്ലാതായത്. ഇത്രയും ദൂരത്തിൽ റോഡ് ടാർ ചെയ്തിട്ടുമില്ല. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡ് ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ ഗതാഗതയോഗ്യമാക്കി വശങ്ങളിൽ ഓവുചാലുകൾ നിർമിക്കണമെന്ന ആവശ്യം ദീർഘകാലമായി ഉള്ളതാണ്.
ഇതുവരെ യാതൊരു നടപടിയുമുണ്ടായില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ ഇനി മിക്കവാറും അടുത്ത ഭരണസമിതി വരുന്നതുവരെ ഈ ആവശ്യം ഇങ്ങനെതന്നെ കിടക്കാനാണ് സാധ്യത.
കാറഡുക്ക ഗവ. വിഎച്ച്എസ് സ്കൂൾ പരിസരത്തുനിന്നാരംഭിച്ച് വടക്കേക്കര വരെ നാലു കിലോമീറ്റർ നീളത്തിലുള്ള റോഡിൽ നെച്ചിപ്പടുപ്പിലെ ഈ 150 മീറ്റർ ഭാഗമൊഴിച്ച് ബാക്കിയെല്ലാം ടാർ ചെയ്തും കോൺക്രീറ്റ് ചെയ്തും ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. അതുകണ്ട് ഇതുവഴി കടന്നുവരുന്ന വാഹനങ്ങൾ നെച്ചിപ്പടുപ്പിലെത്തുമ്പോൾ തോടിനു നടുവിൽ പെട്ടുപോവുന്നു.
നെച്ചിപ്പടുപ്പ്, വടക്കേക്കര ഭാഗങ്ങളിലെ നൂറ്റമ്പതോളം കുടുംബങ്ങൾക്ക് കാറഡുക്ക ടൗണിലേക്ക് എത്താനുള്ള ഏക മാർഗമാണ് ഈ റോഡ്. വെള്ളം കെട്ടിനിൽക്കുന്ന ഭാഗത്തുകൂടി കാൽനടയാത്രക്കാർക്കുപോലും പോകാനാകാത്തതിനാൽ ഇപ്പോൾ അടുത്തുള്ള സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലൂടെയാണ് പോകുന്നത്. സ്കൂളിലേക്ക് പോകുന്ന കുട്ടികളും അതുവഴിയാണ് നടന്നുപോകുന്നത്.