പ്രവാസ ജീവിതത്തിൽ നിന്ന് കർഷകനിലേക്ക്
1577831
Tuesday, July 22, 2025 1:10 AM IST
വെള്ളരിക്കുണ്ട്: കാൽനൂറ്റാണ്ട് കാലത്തെ പ്രവാസജീവിതം മതിയാക്കി നെൽപാടത്തിലേക്കിറങ്ങിയ മോഹനൻ നായർ ഇത്തവണ ഞാറ് നടാൻ കൂടെ കൂട്ടിയത് നാട്ടിലെ കുട്ടിക്കളെയും അമ്മമാരെയും. വെസ്റ്റ് എളേരി ചീർക്കയത്തെ പാട്ടത്തിൽ മോഹനൻ നായർ ആണ് ഇക്കുറി വേറിട്ട നെൽക്കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ദുബായ് ഓട്ടോ സെന്ററിൽ കഴിഞ്ഞ 25 വർഷം ടയർ മെക്കാനിക്ക് ആയി ജോലി ചെയ്ത ആളാണ് മോഹനൻ. ഇനിയുള്ള കാലം നാട്ടിൽ എന്തു ചെയ്യണമെന്ന് ആലോചിച്ച് ഇരിക്കവെയാണ് കൃഷിയെ പറ്റി ചിന്തിക്കുന്നത്.
ഇതിനു കുടുംബത്തിന്റെ ഒന്നാകെയുള്ള പിന്തുണയും കിട്ടി. അങ്ങനെ പുങ്ങംചാൽ കളരി ഭഗവതി ക്ഷേത്രത്തിന്റെ അധീനതയിലുള്ള പാടത്ത് നെൽകൃഷി ചെയ്യാൻ തീരുമാനിച്ചു. രണ്ടേക്കർ പാടമാണ് മോഹനൻ നെൽക്കൃഷിക്കായി ക്ഷേത്രഭാരവാഹികളോട് പാട്ടത്തിന് വാങ്ങിയത്. നെൽക്കൃഷിയിലെ പരിചയസമ്പത്ത് ഒന്നും ഇല്ലാതിരുന്ന ഈ പ്രവാസി എല്ലാതടസങ്ങളും അതിജീവിച്ചുകൊണ്ട് ഇതു മൂന്നാംതവണയാണ് തരിശുപാടം നിറയെ സമൃദ്ധിയുടെ പൊൻകതിർ വിരിയിക്കാൻ ഒരുങ്ങുന്നത്.
ഇക്കുറി അത്യുല്പാദന ശേഷിയുള്ള ഉമ നെൽവിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. ഞാറ്റടി തയ്യാറാക്കി ആയിരുന്നു കൃഷി. നാട്ടിലെ കുട്ടികളിൽ നെൽക്കൃഷിയുടെ മഹത്വം പഠിപ്പിക്കുക എന്നലക്ഷ്യത്തോടെയാണ് മോഹനൻ നായർ ഇത്തവണ കുട്ടികളെ കൂടെ കൂട്ടിയത്.
ഈ വർഷത്തെ നെൽകൃഷി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് ഉദ്ഘാടനം ചെയ്തു.