സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കും
1578110
Wednesday, July 23, 2025 2:02 AM IST
കാസര്‍ഗോഡ്: ഓഗസ്റ്റ് 15ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വിദ്യാനഗറിലെ കാസര്‍ഗോഡ് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ജില്ലാതല പരേഡ് നടക്കും. സ്വാതന്ത്ര്യ ദിനാഘോഷം വിജയകരമാക്കുന്നതിനു എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സഹകരണവും പൊതുജന പങ്കാളിത്തവും വേണമെന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച എഡിഎം പി. അഖില്‍ പറഞ്ഞു.
അസി. കമാന്‍ഡന്റ്, എആര്‍ ക്യാമ്പ് നടത്തുന്ന സ്വാതന്ത്ര്യദിനാഘോഷ റിഹേഴ്സല്‍ പരേഡ് ഓഗസ്റ്റ് 11, 12 തീയതികളില്‍ ഉച്ചക്ക് രണ്ടിനും ഓഗസ്റ്റ് 13നു രാവിലെ എട്ടിനും കാസര്‍ഗോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. പങ്കെടുക്കുന്നവര്‍ ഓഗസ്റ്റ് 11, 12 തീയതികളില്‍ ഉച്ചയ്ക്ക് 1.30നു 13നു രാവിലെ 7.30നും യൂണിഫോമില്‍ എത്തിച്ചേരേണ്ടതാണ്.
സ്റ്റേഡിയത്തില്‍ ആവശ്യമുള്ള പന്തല്‍, ഫര്‍ണിച്ചറുകള്‍ ലൈറ്റ് സംവിധാനം, മൈക്ക് എന്നിവയുടെ ചുമതല പിഡബ്ല്യുഡിക്കും സുരക്ഷാക്രമീകരണ ചുമതല ജില്ലാ പോലീസ് മേധാവിക്കും സ്റ്റേഡിയവും പരിസരവും വൃത്തിയാക്കുന്നതിനുള്ള ചുമതല കാസര്‍ഗോഡ് മുനിസിപ്പാലിറ്റി സെക്രട്ടറിക്കും മികച്ച പ്ലാറ്റൂണുകള്‍ക്കുള്ള ട്രോഫി നല്‍കാനുള്ള ക്രമീകരണചുമതല കാസര്‍ഗോഡ് തഹസില്‍ദാര്‍ക്കുമാണ്.