ഫാക്ടറിയില്‍നിന്നു മലിനജലം ഒഴുക്കിവിട്ടു; 50,000 രൂപ പിഴ ചുമത്തി
1577827
Tuesday, July 22, 2025 1:10 AM IST
മഞ്ചേശ്വരം: വോര്‍ക്കാടി പഞ്ചായത്തിലെ കെദുമ്പാടിയില്‍ ഏതാനും വീടുകളിലെ കിണറുകളിലെ വെള്ളത്തില്‍ നിറവ്യത്യാസം വരുന്നുവെന്നും സമീപത്തുള്ള അരുവിയിലൂടെ കറുത്ത നിറത്തിലുള്ള മലിനജലം ഒഴുകുന്നുവെന്നുമുള്ള വിവരത്തെ തുടര്‍ന്ന് തദ്ദേശസ്വയംഭരണവകുപ്പിന്റെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
കെദുമ്പാടിയില്‍ സംസ്ഥാന അതിര്‍ത്തിയില്‍ കര്‍ണാടക പരിധിയില്‍ മഞ്ചേശ്വരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കശുവണ്ടി തോടില്‍ നിന്നും എണ്ണ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ നിന്നുള്ള മലിനജലമാണ് താഴെഭാഗത്തുള്ള ചെങ്കല്‍ പണയിലൂടെ ഒഴുക്കിവിട്ട് പരിസര മലിനീകരണത്തിനും മുടിമാര്‍ തോടിലൂടെ പൊസോട്ട് നദിയിലേക്ക് എത്തിച്ചേരുന്നതിനും കാരണമാകുന്നത്.
ഒരു വര്‍ഷത്തോളമായി സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നുണ്ടെങ്കിലും സ്ഥാപനത്തിലെ മലിനജല സംസ്കരണത്തിനുള്ള പ്ലാന്റ് ആവശ്യമായ മോട്ടോറുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തന ക്ഷമമാക്കിയിട്ടില്ല. നിയമ ലംഘനത്തിന് ഉടമയ്ക്ക് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 50,000 രൂപ പിഴ ചുമത്തുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
പ്ലാന്റില്‍ നിന്നുള്ള മലിനജലം ഫാക്ടറി പരിസരത്തു തന്നെ സംസ്കരിക്കുന്നതിനും ആവശ്യമെങ്കില്‍ ജില്ലാ ഭരണകൂടം മുഖേന സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡുമായി ബന്ധപ്പെട്ട് തുടര്‍നടപടി സ്വീകരിക്കുന്നതിനും നിര്‍ദേശം നല്കി.