ഉദുമ ടെക്സ്റ്റൈൽ മിൽ വെള്ളക്കെട്ടിനു നടുവിൽ
1578109
Wednesday, July 23, 2025 2:02 AM IST
പൊയിനാച്ചി: മഴവെള്ളം ഒഴുകിപ്പോയിരുന്ന തോട് ദേശീയപാതയുടെ സർവീസ് റോഡ് നിർമാണത്തിനായി നികത്തിയതിനെ തുടർന്ന് മൈലാട്ടിയിലെ ഉദുമ ടെക്സ്റ്റൈൽ മിൽ കെട്ടിടം വെള്ളക്കെട്ടിന് നടുവിലായി.
മില്ലിനും പഴയ ദേശീയപാതയ്ക്കും സമീപത്തുകൂടി ഒഴുകിയിരുന്ന തോടിന്റെ ഒരു ഭാഗം ദേശീയപാതയിൽ നിർമാണപ്രവൃത്തികൾ തുടങ്ങിയതോടെ മൂടിപ്പോവുകയായിരുന്നു. മഴക്കാലത്തുമാത്രം വെള്ളമൊഴുകിയിരുന്ന തോടായതിനാൽ ഇവിടെ കലുങ്കോ പാലമോ ഒന്നും പണിതതുമില്ല.
ഇതോടെയാണ് തോടിന്റെ ബാക്കിഭാഗത്ത് വെള്ളം നിറഞ്ഞാൽ അതു തൊട്ടടുത്ത പറമ്പുകളിലൂടെയും മില്ലിനു മുന്നിലൂടെയും കുത്തിയൊഴുകുന്ന സ്ഥിതിയായത്. വെള്ളക്കെട്ടിനെ തുടർന്ന് സമീപത്തെ പറമ്പിന്റെ മതിലും തകർന്നുവീണു.
മുറ്റത്തുതന്നെ ചെളിവെള്ളം നിറഞ്ഞതോടെ ഇപ്പോൾ ജീവനക്കാർക്ക് മില്ലിനകത്തേക്ക് പ്രവേശിക്കാൻ പോലും വിഷമമായി. ടയറുകൾ ചെളിയിൽ പുതയുന്നതുമൂലം വാഹനങ്ങൾക്കും മില്ലിനു മുന്നിൽ എത്താൻ കഴിയുന്നില്ല. ഇതോടെ മില്ലിലേക്ക് അസംസ്കൃത വസ്തുക്കൾ എത്തിക്കാനും ഉല്പന്നങ്ങൾ പുറത്തേക്ക് കൊണ്ടുപോകാനുമെല്ലാം ബുദ്ധിമുട്ടായി. വെള്ളക്കെട്ട് കൂടുതലായതോടെ ഇടയ്ക്ക് മില്ലിൽ ലേ ഓഫ് പ്രഖ്യാപിക്കേണ്ട സാഹചര്യം പോലുമുണ്ടായി.
പ്രശ്നം ചൂണ്ടിക്കാട്ടി മിൽ അധികൃതരും നാട്ടുകാരും എംപി, എംഎൽഎ, ജില്ലാ കളക്ടർ എന്നിവർക്കും ദേശീയപാത അഥോറിറ്റിക്കും ഉദുമ പഞ്ചായത്തിനും പരാതി നല്കിയിട്ടുണ്ട്. എന്നാൽ ദേശീയപാതയിൽ നിന്നുള്ള വെള്ളമല്ല മില്ലിന്റെ മുറ്റത്തേക്കും സമീപ പറമ്പുകളിലേക്കും ഒഴുകിയെത്തുന്നതെന്ന വിശദീകരണമാണ് നിർമാണ കമ്പനി അധികൃതർ നല്കിയത്.
ഇതോടെ തോട്ടിലെ വെള്ളത്തിന് ഒഴുകിപ്പോകാൻ മറ്റു വഴികൾ കണ്ടെത്തുന്നതിനായി ജനപ്രതിനിധികളും പഞ്ചായത്തും മുൻകൈയെടുക്കേണ്ട അവസ്ഥയാണ്.