കാഞ്ഞങ്ങാട്ട് ഗ്യാസ് ടാങ്കർ മറിഞ്ഞു
1578640
Friday, July 25, 2025 1:48 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍സ്റ്റോര്‍ മേല്‍പ്പാലത്തിന് സമീപം ദേശീയപാത സര്‍വീസ് റോഡില്‍ ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണംവിട്ടു റോഡരികിലേക്ക് മറിഞ്ഞു. 18 ടൺ ഭാരമുള്ള എൽപിജി ടാങ്കറാണ് മറിഞ്ഞത്.
എതിരേവന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. മംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പാചകവാതകവുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നു രാവിലെ പത്തിന് ടാങ്കറിലെ പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനുള്ള ജോലി ആരംഭിക്കും. ടാങ്കറിന് ചോര്‍ച്ചയില്ലെന്നും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഇന്നു പ്രദേശത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
വാഹനങ്ങള്‍
വഴിതിരിച്ചുവിടും
എല്‍പിജി ഗ്യാസ് ടാങ്കര്‍ ലോറി മാറ്റുന്നതുമായി ബന്ധപ്പെട്ട് വാഹന ഗതാഗതത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നു രാവിലെ 9.30 മുതല്‍ കാഞ്ഞങ്ങാട് നിന്ന് നീലേശ്വരത്തേക്ക് വരുന്ന വാഹനങ്ങള്‍ പുതിയകോട്ടയില്‍ നിന്ന് കല്ലൂരാവി വഴി നീലേശ്വരത്തേക്കും നീലേശ്വരത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുന്ന വാഹനങ്ങള്‍ മടിക്കൈ കല്യാണ്‍ റോഡ്, ആലയി വഴി കാഞ്ഞങ്ങാടും എത്തിച്ചേരേണ്ടതാണ്. ഹെവി വാഹനങ്ങള്‍ ആ സമയത്ത് നിര്‍ത്തിയിടണം. പടന്നക്കാട് ഹൈവേ ബ്ലോക്ക് ചെയ്യും. ബാക്കി നിയന്ത്രണങ്ങള്‍ ആവശ്യത്തിന് അനുസരിച്ച് പോലീസ് ഏർപ്പെടുത്തും.
കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങോത്ത് വരെ ഇന്നു പ്രാദേശിക അവധി
കാഞ്ഞങ്ങാട് സൗത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഇന്നു കൊവ്വല്‍ സ്റ്റോറിന്റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ (കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങോത്ത് വരെ 18,19,26 വാര്‍ഡുകള്‍) പ്രാദേശിക അവധി. സ്കൂള്‍, അങ്കണവാടി, കടകള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
രാവിലെ എട്ടു മുതല്‍ സൗത്ത് മുതല്‍ പടന്നക്കാട് വരെയുള്ള ഹൈവേ വഴിയുളള ഗതാഗതം പൂര്‍ണമായും തടസപ്പെടുകയും വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതുമായിരിക്കും. വീടുകളില്‍ ഗ്യാസ് സിലണ്ടര്‍ ഉപയോഗിക്കാനോ പുകവലിക്കാനോ ഇന്‍വെര്‍ട്ടര്‍ ഉപയോഗിച്ചുളള വൈദ്യുതിയോ മറ്റു ഉപകരണങ്ങളോ ഉപയോഗിക്കാനോ വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യാനും പാടില്ല.
അപകടം നടന്ന സ്ഥലത്തു വീഡിയോ ചിത്രീകരണവും പൊതുജനങ്ങള്‍ക്കുള്ള പ്രവേശനവും പൂര്‍ണമായും നിരോധിക്കും. വൈദ്യുതി ബന്ധം ടാങ്കര്‍ സുരക്ഷിതമായി ഉയര്‍ത്തുന്നതുവരെ വരെ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.