തോക്ക് ലൈസൻസുള്ളവരുണ്ട്, പക്ഷേ കാട്ടുപന്നിയെ വെടിവയ്ക്കാൻ ആളില്ല
1578348
Thursday, July 24, 2025 12:51 AM IST
കാസർഗോഡ്: ജില്ലയിൽ തോക്ക് ലൈസൻസുള്ള 1071 പേരുണ്ട്. ഇതിൽ 90 ശതമാനം പേരും കൃഷിക്ക് സംരക്ഷണമൊരുക്കാൻ എന്ന പേരിലാണ് തോക്ക് ലൈസൻസ് സമ്പാദിച്ചത്. പക്ഷേ ഇവരിൽനിന്ന് കാട്ടുപന്നികളെ വെടിവയ്ക്കാൻ തയ്യാറായി മുന്നോട്ടുവന്നത് വെറും 33 പേർ മാത്രമാണ്.
കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ സന്നദ്ധരായ തോക്കുടമകളുടെ പാനലിൽ ഉൾപ്പെടാൻ കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർക്കാണ് അപേക്ഷ നല്കേണ്ടത്. അപേക്ഷ നല്കിയവരുടെ എണ്ണം തീർത്തും കുറവായതിനാൽ എല്ലാവരെയും പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നതുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകളുടെ നൂലാമാലകളാണ് തോക്കുടമകളെ പിന്തിരിപ്പിക്കുന്നതെന്നാണ് സൂചന. രാത്രിയിൽ ഉറക്കമിളച്ച് മണിക്കൂറുകളോളം കാത്തിരുന്ന് സ്വന്തം ജീവൻപോലും പണയംവച്ചുകൊണ്ട് അക്രമാസക്തരായ കാട്ടുപന്നികളെ വെടിവച്ചുവീഴ്ത്തിയാലും കാര്യമായ സാമ്പത്തികനേട്ടം പോലും ലഭിക്കാനില്ല. ഇറച്ചിയും ഉപയോഗിക്കാനാവില്ല. വനംവകുപ്പിന്റെ തെളിവെടുപ്പുകൾക്കും മറ്റു നടപടിക്രമങ്ങൾക്കുമെല്ലാം നിന്നുകൊടുക്കേണ്ടിയും വരും. മിക്കവാറും കാട്ടുപന്നിയുടെ ജഡം മണ്ണെണ്ണയൊഴിച്ച് മറവുചെയ്യുന്നതുവരെ വെടിക്കാരനും കാത്തുനിൽക്കേണ്ടിവരും.
കാട്ടുപന്നികളെ കൊല്ലാൻ വനംവകുപ്പ് അനുമതി നല്കിയ ആദ്യകാലങ്ങളിൽ ജില്ലയിലാകെ എഴുപതോളം പന്നികളെ കൊന്നിരുന്നു. കാട്ടുപന്നിയെ വെടിവയ്ക്കാനെത്തിയ ആൾ പന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം പോലും ജില്ലയിലുണ്ടായി. ചുരുങ്ങിയ കാലത്തിനുള്ളിൽ നിയമത്തിന്റെ നൂലാമാലകളിൽ മനംമടുത്ത് തോക്കുടമകളെല്ലാം ഏറെക്കുറെ പിൻവലിയുകയായിരുന്നു.
കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയ ശേഷം ജില്ലയിൽ ഒരെണ്ണത്തെ പോലും നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് കൊന്നതായി കണക്കില്ല. പന്നികളുടെ എണ്ണമാകട്ടെ, വീണ്ടും ക്രമാതീതമായി പെരുകുകയും ചെയ്തു. മലയോരം വിട്ട് നഗരപ്രദേശങ്ങളിലേക്കുവരെ പന്നിക്കൂട്ടങ്ങൾ എത്തിത്തുടങ്ങി. നഗരങ്ങളിൽ പോലും കാട്ടുപന്നിയുടെ കുത്തേറ്റ് ആളുകൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങളും ഉണ്ടായി.