കര്‍ക്കിടകവാവ് ബലിതര്‍പ്പണം: സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു
1578354
Thursday, July 24, 2025 12:51 AM IST
കാസര്‍ഗോഡ്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള വിവിധ ക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും ഇന്നു കര്‍ക്കിടകവാവ് ബലിതര്‍പ്പണം നടക്കുമ്പോള്‍ ബലിതര്‍പ്പണം നടക്കുന്ന പ്രദേശങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലാകളക്ടര്‍ വിവിധ ഉദ്യോഗസ്ഥരെ നിയോഗിച്ചു.
എന്‍ഡിആര്‍എഫ് സ്പെഷല്‍ സംഘം ബലതര്‍പ്പണം നടക്കുന്ന പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യും. കടല്‍, കുളം, പുഴ എന്നിവിടങ്ങളില്‍ ചടങ്ങുകള്‍ നടക്കുന്നുണ്ടെങ്കില്‍ നീന്തലും പ്രഥമ ശുശ്രൂഷ നല്കാന് പരിശീലനം ലഭിച്ച വോളണ്ടിയര്‍മാരെ നിയോഗിക്കാന്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ വകുപ്പിന് നിര്‍ദ്ദേശം നല്കി.
റെസ്ക്യു ബോട്ടുകള്‍ സജ്ജമാക്കും. പോലീസ്, എക്സൈസ്, ആരോഗ്യം, പിഡബ്ല്യുഡി കെട്ടിടവിഭാഗം, ഫുഡ് ആന്‍ഡ് സേഫ്റ്റി, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യു, ശുചിത്വ മിഷന്, ഫിഷറീസ് വകുപ്പുകള്‍ക്കും ജില്ലാകളക്ടര്‍ നിര്‍ദേശം നല്കി.