കാല്‍നടയാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെപോയ ലോറിഡ്രൈവര്‍ അറസ്റ്റില്‍
1578356
Thursday, July 24, 2025 12:51 AM IST
ബേക്കല്‍: സംസ്ഥാനപാതയിലെ തൃക്കണ്ണാട്ട് കാല്‍നടയാത്രികനെ ഇടിച്ചിട്ട് ഗുരുതരമായി പരിക്കേല്പിച്ചിട്ടും നിര്‍ത്താതെ പോയ ലോറിഡ്രൈവര്‍ ഒന്നരമാസത്തിനുശേഷം അറസ്റ്റില്‍. ഉത്തര്‍പ്രദേശ് പ്രയാഗ്രാജ് സ്വദേശി നിലേഷ് കുമാര്‍(37) ആണ് അറസ്റ്റിലായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൃക്കണ്ണാട്ടെ മത്സ്യതൊഴിലാളി പ്രകാശന് കോമ സ്റ്റേജില്‍ ചികിത്സയിലാണുള്ളത്.
ജൂണ്‍ ആറിനു പുലര്‍ച്ചെ നാലിന് മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ റോഡ് മുറിച്ചുകടക്കവെയാണ് പ്രകാശന് അപകടത്തില്‍പെട്ടത്. ലോറി തട്ടിയാണ് അപകടമുണ്ടായതെന്ന് രണ്ടു ദൃക്സാക്ഷികളുടെ മൊഴിയുണ്ടായിരുന്നു. എന്നാല്‍ വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയായതിനാലും പ്രദേശത്ത് സിസിടിവി കാമറ ഇല്ലാത്തതിനാലും ഇടിച്ച ലോറിയെ കണ്ടുപിടിക്കുക ബേക്കല്‍ പോലീസിനെ സംബന്ധിച്ചിടത്തോളം ദുഷ്കരമായിരുന്നു.
അപകടം നടന്നതിനു പിന്നാലെ സ്ഥലത്തെത്തിയ ഇന്നോവ കാറിന്റെ ഡാഷ് കാമില്‍ തുടങ്ങി അന്വേഷണം ആ സമയം കടന്നുപോയ 15 ഓളം വാഹങ്ങളെ തിരിച്ചറിഞ്ഞു. മിക്കതും ഇതരസംസ്ഥാന വാഹനങ്ങളായിരുന്നു. സംശയം തോന്നിയ വാഹനങ്ങള്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പരിശോധിച്ച ശേഷം വിട്ടയക്കുകയും ചെയ്തു.
ആല്‍ഫ കണ്‍ട്രോളിന്റെയും കാലിക്കടവ് ബോര്‍ഡര്‍ തലപ്പാടി ടോള്‍, മംഗലാപുരം എച്ച്പി ഗ്യാസ് ഫില്ലിംഗ് സ്റ്റേഷന് എന്നിവിടങ്ങളിലെ നൂറില്‍പരം സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ കേന്ദ്രകരിച്ചും നടത്തിയ അന്വേഷണത്തില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് നമ്പര്‍ തിരിച്ചറിഞ്ഞു. ഇതരസംസ്ഥാന വാഹനങ്ങള്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു. ദാമന്‍ ദിയു രജിസ്ട്രേഷന് ലോറിയും ഡ്രൈവര്‍ നിലേഷ് കുമാറിനെയും തിരിച്ചറിഞ്ഞു.
ഇയാളെ പിടികൂടുകയായി പിന്നീടുള്ള ശ്രമം. അപകടശേഷം ഇയാള്‍ എറണാകുളം പോവുകയും പിന്നീട് പാലക്കാട് വഴി തമിഴ്നാട് എന്നിങ്ങനെ കടന്നുകളഞ്ഞിരുന്നു. പോലീസ് നിരന്തരം ഇയാളെ ബന്ധപ്പെടുകയും അപ്പോഴൊക്കെ ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളിലാണെന്ന് കള്ളം പറയുകയും ചെയ്തു.
ഇയാളുടെ നീക്കങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു. ഒടുവില്‍ കഴിഞ്ഞദിവസം മംഗളുരു വഴി കേരളത്തിലേക്ക് വന്ന നിലേഷ് കുമാറിനെ പോലീസ് സമര്‍ഥമായി കാസര്‍ഗോഡ് വെച്ച് പിടികൂടുകയായിരുന്നു.
എസ്ഐ എം. സവ്യസാചി, മനു കൃഷ്ണന്, അഖില്‍ സെബാസ്റ്റ്യന്‍, മനോജ്, ഡ്രൈവര്‍ ശ്രീജിത്ത്, സുജിന്‍, സജേഷ്, ജിജിത്ത്, ദിലീപ്, ശ്രീരാജ്, അനുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.