നീലേശ്വരം റെയിൽവേ മേൽപ്പാലത്തിന്റെ ചവിട്ടുപടികൾ അപകടാവസ്ഥയിൽ
1578644
Friday, July 25, 2025 1:48 AM IST
നീലേശ്വരം: രാജാ റോഡിലെ റെയിൽവേ മേൽപ്പാലത്തിന്റെ ചവിട്ടുപടികൾ കൂടുതൽ അപകടാവസ്ഥയിലായതോടെ നാട്ടുകാർ ആശങ്കയിൽ. റെയിൽപാത മുറിച്ചുകടക്കുന്നതിന്റെ അപകടം ചൂണ്ടിക്കാട്ടി തൊട്ടടുത്ത രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെയുൾപ്പെടെ മേൽപ്പാലം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിനിടയിലാണ് മേൽപ്പാലവും അപകടസ്ഥിതിയിലായത്.
ചവിട്ടുപടികൾക്കു പുറമേ മേൽപ്പാലത്തിന്റെ ഒരു വശത്തുള്ള നടപ്പാതയും അപകടസ്ഥിതിയിലാണ്. രണ്ട് കോൺക്രീറ്റ് തൂണുകൾ ചരിഞ്ഞതോടെ ചവിട്ടുപടികൾക്കു സമീപവും നടപ്പാതയിലും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചവിട്ടുപടികൾ അപകടസ്ഥിതിയിലായതിനെ തുടർന്ന് നേരത്തേ ഇതുവഴി ആളുകൾ കയറുന്നത് കയറുകെട്ടി തടഞ്ഞിരുന്നു. പിന്നീട് ആളുകൾ പാളം മുറിച്ചുകടക്കുന്നതിനിടയിൽ അപകടങ്ങൾ ആവർത്തിച്ചതോടെ ഇത് വീണ്ടും തുറന്നു.
2001 മാർച്ചിൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിർമാണം തുടങ്ങിയ മേൽപ്പാലം 2005 മാർച്ച് ഏഴിന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഉദ്ഘാടനം ചെയ്തത്. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനു കീഴിലാണ് പാലം നിർമിച്ചത്.
പാലത്തിന്റെ അറ്റകുറ്റപണികൾ നിർവഹിക്കാനുള്ള ചുമതലയും ഇവർക്കുതന്നെയാണെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. ചവിട്ടുപടികളും നടപ്പാതയും അപകടാവസ്ഥയിലായതോടെ സ്കൂൾ വിദ്യാർഥികളും അടുത്തുള്ള സഹകരണ ആശുപത്രികളിലേക്ക് പോകുന്നവരുമെല്ലാം വീണ്ടും റെയിൽപാത മുറിച്ചു കടക്കേണ്ട സ്ഥിതിയിലാണ്.
നടപ്പാലം അപകടസ്ഥിതിയിലായതോടെ മേൽപ്പാലത്തിന് താഴെ കച്ചവടം നടത്തുന്നവരും അപകടഭീതിയിലാണ്.