പയ്യന്നൂരിലെ വയോധികയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
1578641
Friday, July 25, 2025 1:48 AM IST
പയ്യന്നൂര്‍: വയോധികയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. പയ്യന്നൂര്‍ പോലീസ് മാസങ്ങളായി നടത്തുന്ന അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
കഴിഞ്ഞ നവംബര്‍ ഒന്നിന് രാവിലെ പതിനൊന്നരയോടെ കാണാതായ പയ്യന്നൂര്‍ കൊറ്റി സുരഭി ഹൗസില്‍ സുലോചനയെയാണ് (76) വൈകുന്നേരത്തോടെ വീട്ടുപറന്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചെരുപ്പുകള്‍ കിണറില്‍ നിന്ന് ഇരുപതോളം മീറ്റര്‍ അകലെ ദുരൂഹമായ സാഹചര്യത്തിൽ വ്യത്യസ്ഥമായ ഇടങ്ങളിലായാണ് കണ്ടെത്തിയത്.
കഴുത്തിൽ ചെറിയ മുറിവ് ഉണ്ടായിരുന്നെങ്കിലും ഇതല്ല മരണകാരണമെന്നും കിണറ്റിൽ വച്ചാണ് ഇവർ മരിച്ചതെന്നുമായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായ സൂചനകൾ. അതേ സമയം സുലോചന ധരിച്ചിരുന്ന അഞ്ചു പവനോളം ആഭരണങ്ങൾ കാണാനില്ലാഞ്ഞതിലും ദുരൂഹതയുണ്ട്. ആഭരണങ്ങൾ കിണറ്റിലുണ്ടായേക്കാമെന്ന സംശയത്തിൽ കിണർ വറ്റിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അതേസമയം വിരലില്‍ മുറുകിക്കിടന്നിരുന്ന മോതിരം നഷ്ടപ്പെടാതിരുന്നത് വീണ്ടും സംശയത്തിനിട നല്കി. പോലീസ് ബന്ധുക്കളില്‍നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. പോലീസ് പലരേയും ചോദ്യം ചെയ്തിട്ടും കേസിനു തുന്പ് ലഭിക്കാതെ അന്വേഷണം വഴി മുട്ടിയ നിലയിലായിരുന്നു.