കിട്ടന്‍ഗുണ്ടി മാലിന്യപ്ലാന്റിനെതിരേ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
1578349
Thursday, July 24, 2025 12:51 AM IST
കാസര്‍ഗോഡ്: മഞ്ചേശ്വരം മച്ചമ്പാടിയിലെ കിട്ടന്ഗുണ്ടിയില് മാലിന്യ സംസ്കരണ യൂണിറ്റ് തുടങ്ങാനുള്ള നീക്കത്തില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
2005ല്‍ ക്ലീന്‍ കേരള മിഷന് മുഖേന ഖരമാലിന്യ സംസ്കരണം ആരംഭിച്ച തിനുശേഷം പൊതുജന പ്രക്ഷോഭത്തെ തുടര്‍ന്ന് ഖരമാലിന്യ സംസ്കരണ പദ്ധതി നിര്‍ത്തലാക്കിയ പ്രദേശത്ത് തന്നെയാണ് പുതിയ ഡയപ്പര്‍ സംസ്കരണ യൂണിറ്റും തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തിലെ ജനപ്രതിനിധികളുമായോ നാട്ടുകാരുമായോ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായോ ബന്ധപ്പെട്ട അധികാരികള്‍ യാതൊരുവിധ കൂടിയാലോചനങ്ങളും നടത്താതെയാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.
വിദ്യാഭ്യാസസ്ഥാപനങ്ങളും ആരാധനാലയങ്ങളും അടക്കം സ്ഥിതിചെയ്യുന്ന പ്രദേശത്ത് കൂടിയാണ് നിയുക്ത പദ്ധതി പ്രദേശത്ത് എത്തിച്ചേരേണ്ടത്. നാലു വാര്‍ഡുകളിലായി 300ല്‍ അധികം വീടുകളുള്ള ജനവാസ മേഖലയാണ് ഈ പ്രദേശം. പൊതുജനങ്ങള്‍ കിട്ടന്ഗുണ്ടിയില് കുടിവെള്ളത്തിന് വേണ്ടി ആശ്രയിക്കുന്ന തോടിനോട് ചേര്‍ന്നുള്ളതുമാണ്. കാട്ടുപന്നി, മുള്ളന്‍പന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്ര കൂടിയാണ് പ്രദേശം.
പദ്ധതിക്കെതിരെ പൊതുജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി സര്‍വകക്ഷിയോഗം ചേര്‍ന്ന് ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്. പൊതുജനാരോഗ്യത്തെ സാരമായി ബാധിക്കുന്ന പദ്ധതിയില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് പി.എച്ച്. അബ്ദുള്‍ ഹമീദ്, അബ്ദുള്‍ ഹമീദ് ബഡാജെ, ആരിഫ് മച്ചമ്പാടി, ഖലീല്‍ ബജല്‍, അബ്ദുള്‍ റസാഖ്, പി. അബൂബക്കര്‍ സിദ്ദിഖ്, പി. മുഹമ്മദ്, അബ്ദുള്‍ റഹ്മാന് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.