മഴ മാറുന്നതും കാത്ത് റോഡിലെ കുഴികൾ
1578347
Thursday, July 24, 2025 12:51 AM IST
കാസർഗോഡ്: ഏഴുവർഷം മുമ്പ് കെഎസ്ടിപി പദ്ധതിയിൽ നവീകരിച്ച കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്ഥാനപാത ടാറിംഗ് ഇളകി അങ്ങിങ്ങ് കുഴികൾ രൂപപ്പെട്ട് തകർന്നുകൊണ്ടിരിക്കുകയാണെന്ന കാര്യം രണ്ടുവർഷത്തിലേറെയായി നാട്ടുകാരും വാഹനയാത്രക്കാരുമെല്ലാം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്. വാഹനങ്ങൾ റോഡിലെ കുഴികളിൽ വീണുണ്ടായ അപകടങ്ങളിൽ പലർക്കും ജീവഹാനി ഉൾപ്പെടെ സംഭവിക്കുകയും ചെയ്തു. എന്നാൽ ഒരപകടം സംഭവിച്ചാൽ ഉടനെ ഓടിയെത്തി ആ സ്ഥലത്തെ കുഴി മാത്രം നികത്തുന്നതിൽ ഒതുങ്ങിനിൽക്കുകയായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ നടപടികൾ.
കഴിഞ്ഞ വർഷമായപ്പോഴേക്കും സ്ഥിതി കൂടുതൽ ഗുരുതരമായി. പാലക്കുന്നിനും ഉദുമയ്ക്കുമിടയിൽ സംസ്ഥാനപാതയിലെ കലുങ്ക് തന്നെ ഇടിഞ്ഞുതാഴ്ന്ന സംഭവമുണ്ടായി. കാഞ്ഞങ്ങാട് മുതൽ കാസർഗോഡ് വരെയുള്ള 27.78 കിലോമീറ്റർ ദൂരത്തിലങ്ങോളം നിരന്ന കുഴികളുടെ ആഴവും പരപ്പും കൂടി.
കാഞ്ഞങ്ങാട് നഗരത്തിൽ പോലും റോഡിലെ ടാറിംഗിന്റെ പാളികൾ ഇളകി അങ്ങിങ്ങ് തൊലിയടർന്നതുപോലെയായി. ഈ റോഡിൽ ആകെ 339 കുഴികളുണ്ടെന്ന് എണ്ണമെടുത്ത് കാഞ്ഞങ്ങാട്ടെ അഭിഭാഷകനായ എ. രാധാകൃഷ്ണൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് പരാതി നല്കി. പ്രശ്നം കോടതിക്കു മുന്നിൽ വരെ എത്തിയതോടെ റോഡിന്റെ അറ്റകുറ്റപണികൾക്കാവശ്യമായ നടപടികൾ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
റോഡിലെ കുഴികൾ നികത്തുന്നതിനുവേണ്ടി മാത്രമായി ഒരു ടെൻഡറാണ് ആദ്യം വിളിച്ചത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി അത് പ്രാദേശികതലത്തിൽ തന്നെ കരാർ നല്കി. തൊട്ടുപിന്നാലെ സംസ്ഥാനപാത പൂർണമായും റീടാറിംഗ് നടത്തി നവീകരിക്കാൻ 38 കോടി രൂപയുടെ മറ്റൊരു പദ്ധതിയും വന്നു.
അത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കരാർ നല്കി
ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയാകുമ്പോഴേക്കും കാലവർഷം തുടങ്ങി. റോഡിലെ കുഴികളെല്ലാം പിന്നെയും വലുതായി. ചട്ടഞ്ചാൽ-ചെർക്കള ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായതോടെ ഭാരവാഹനങ്ങളെയെല്ലാം ഇതുവഴി തിരിച്ചുവിട്ടു. ദേശീയപാതയിൽ പണി തുടങ്ങിയ കാലംമുതൽ ഒട്ടനവധി ഭാരവാഹനങ്ങൾ പതിവായി ഇതുവഴി തന്നെ കടന്നുപോകുന്നുണ്ട്. എല്ലാംകൂടി റോഡിൽ കുഴിയൊഴിഞ്ഞ ഇടമില്ലാതായി.
ചെമ്മനാട് ഭാഗത്തെ വിസ്തൃതിയും ആഴവുമേറിയ നാല് കുഴികളിൽ വാഹനങ്ങൾ വീണ് അപകടത്തിൽപ്പെടുന്ന് പതിവായതോടെ കഴിഞ്ഞദിവസം നാട്ടുകാരുടെ കൂട്ടായ്മ രംഗത്തിറങ്ങി കോൺക്രീറ്റ് മിശ്രിതം നിറച്ച് കുഴികൾ നികത്തിയിരുന്നു. കുഴികളിൽ നിറഞ്ഞുകിടന്ന മഴവെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്ത് വറ്റിച്ചാണ് കോൺക്രീറ്റിംഗ് നടത്തിയത്.
എല്ലായിടത്തും ഇങ്ങനെ ചെയ്യാൻ കഴിയില്ലല്ലോ. റോഡിന്റെ അറ്റകുറ്റപണികൾ തുടങ്ങുന്നതിനായി മഴ മാറുന്നതും നോക്കിയിരിക്കുകയാണ് കുഴികൾ നികത്താൻ കരാറെടുത്ത പ്രാദേശിക കരാറുകാരും റീ ടാറിംഗിന് കരാറെടുത്ത ഊരാളുങ്കൽ സൊസൈറ്റിയും. റീ ടാറിംഗിന് തന്നെ കരാറായിക്കഴിഞ്ഞ സാഹചര്യത്തിൽ കുഴികൾ നികത്താൻ മാത്രമായി ലക്ഷങ്ങൾ ചെലവാക്കി മറ്റൊരു പ്രവൃത്തി നടത്തേണ്ടതുണ്ടോ എന്ന സംശയവും ഇതിനിടയിൽ ഉയർന്നിട്ടുണ്ട്.
മഴക്കാലം തുടങ്ങുന്നതിനുമുമ്പ് ആ പ്രവൃത്തി നടത്തിയിരുന്നെങ്കിൽ റോഡ് തത്കാലത്തേക്കെങ്കിലും ഗതാഗതയോഗ്യമാകുമായിരുന്നു. ഇനി മഴ മാറിക്കഴിഞ്ഞിട്ട് രണ്ടു പ്രവൃത്തികളും ഒന്നിനു പിറകേ ഒന്നായി നടത്തേണ്ട ആവശ്യമെന്താണെന്നാണ് നാട്ടുകാരുടെ ചോദ്യം.