മണ്ണിടിച്ചില്‍ ഭീതി: അടിയന്തരയോഗം ചേര്‍ന്നു
1578350
Thursday, July 24, 2025 12:51 AM IST
കാസര്‍ഗോഡ്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തരയോഗം ചേര്‍ന്നു. മണ്ണിടിച്ചില്‍ ഭീഷണിയുള്ള മേഖലകളില്‍ അതീവ ജാഗ്രത പാലിക്കാന്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍ദേശം നല്കി.
അപകട ഭീഷണിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. വില്ലേജ് ഓഫീസര്‍മാരുടെ യോഗം വിളിച്ച് നടപടി സ്വീകരിക്കുന്നതിനും കളക്ടര്‍ നിര്‍ദേശിച്ചു.
ദേശീയപാത നിര്‍മാണം നടത്തുന്ന വീരമലക്കുന്ന്, മട്ടലായി കുന്ന്, ബേവിഞ്ച തെക്കില്‍ കുന്ന് എന്നിവിടങ്ങളിലും വെള്ളരിക്കുണ്ട് താലൂക്കിലെ മലയോരപ്രദേശങ്ങളില്‍ കള്ളാര്‍ മേഖലയിലും മണ്ണിടിച്ചില്‍ നേരിടാന്‍ ജാഗ്രത പാലിക്കേണ്ടതാണ്.
കടലേറ്റം രൂക്ഷമായ മേഖലയില്‍ അതീവ ജാഗ്രത പാലിക്കുന്നതിന് കലക്ടര്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്കി. കടലേറ്റമുള്ള മേഖലകളില്‍ പ്രതിരോധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരില്‍ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.