കുട്ടികളുടെ പഠന-സ്വഭാവ വൈകല്യങ്ങള്‍ കണ്ടെത്താന്‍ ‘സ്പന്ദനം’
1578353
Thursday, July 24, 2025 12:51 AM IST
തൃക്കരിപ്പൂര്‍: ആരോഗ്യരംഗത്ത് വീണ്ടും മാതൃകാപരമായ ഇടപെടലിന് ഒരുങ്ങി തൃക്കരിപ്പൂര്‍ പഞ്ചായത്ത്. 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊയോങ്കര ഗവ. ആയുര്‍വേദ ആശുപത്രി കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ‘സ്പന്ദനം’ ആരോഗ്യരംഗത്ത് പഞ്ചായത്തിന്റെ പുതിയ ചുവടുവെപ്പാവും.
കുട്ടികളിലെ വിവിധ വളര്ച്ചാപ്രയാസവും പഠന-സ്വഭാവവൈകല്യങ്ങളും കണ്ടെത്തി ആയുര്‍വേദ ചികിത്സയും അനുബന്ധ തെറാപ്പികളും നല്കാന് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ജില്ലയിലെ പഞ്ചായത്തുകളില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്ന ആദ്യ ആയുര്വേദാശുപത്രിയാണ് കൊയോങ്കര ആയുര്‍വേദ ആശുപത്രി.
നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ നിലവില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാരുടെയും കുട്ടികളുടെ വിഭാഗം ഡോക്ടറുടേയും സേവനം ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. സാജന് നേതൃത്വം നല്‍കും.
പഞ്ചായത്തിലെ വിവിധ സ്കൂളുകളും വീടുകളും കേന്ദ്രീകരിച്ച് നടത്തി പരിശോധനയിലൂടെയാണ് അര്‍ഹരായ കുട്ടികളെ കണ്ടെത്തുന്നത്.
സ്ക്രീനിംഗ് നടത്തി കണ്ടെത്തിയ കുട്ടികള്‍ക്ക് ആയുര്‍വേദ ചികിത്സ ലഭ്യമാക്കുകയും മാനസിക ശാരീരിക വ്യതിയാനങ്ങള്‍ക്ക് തെറാപ്പി ലഭ്യമാക്കുകയും ചെയ്യും.
കുട്ടികളുടെ ആരോഗ്യനില വിലയിരുത്താനും ആവശ്യമായ തെറാപ്പി നല്കുന്നതിനുമായി ക്രമീകരണങ്ങള്‍ ഉണ്ട്. ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന ആദ്യഘട്ടത്തിന് ആറുലക്ഷം രൂപയാണ് പദ്ധതി വകയിരുത്തിയത്.
സ്പന്ദനം പദ്ധതി കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് മുതല്‍ക്കൂട്ടാവുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ പറഞ്ഞു.