കൊടിയമ്മ-കഞ്ചിക്കട്ട പാലം തകർച്ചയിലേക്ക്
1578642
Friday, July 25, 2025 1:48 AM IST
കുമ്പള: 45 വർഷം പഴക്കമുള്ളൊരു ഒറ്റവരി പാലം. ഇരുവശങ്ങളിലും കൈവരികൾ പോലും ഇല്ലാതായിട്ട് കാലങ്ങളായി. കാലപ്പഴക്കം മൂലം പാലത്തിൽ തന്നെ അങ്ങിങ്ങ് വിള്ളലുകളുണ്ട്. താഴെ മലവെള്ളം കുത്തിയൊഴുകുന്ന വീതിയേറിയ പുഴ. മഴ ശക്തമാകുമ്പോൾ പാലത്തിനു മുകളിലൂടെയും മലവെള്ളം കുത്തിയൊഴുകും.
ജീവൻ പണയംവച്ചുകൊണ്ട് ആരും ഇതുവഴി പോകരുതെന്ന് ഒന്നര വർഷം മുമ്പേ തന്നെ ജില്ലാ ഭരണകൂടം ഉത്തരവ് നല്കിയതാണ്. പക്ഷേ ആരിക്കാടി, താഴെ കൊടിയമ്മ, ഛത്രപള്ളം, ചൂരിത്തടുക്ക, കഞ്ചിക്കട്ട തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് കുമ്പള ടൗണിലും തിരിച്ചും എത്താനുള്ള കുറഞ്ഞ ദൂരം ഈ പാലത്തിലൂടെയാണ്. വേനൽക്കാലങ്ങളിലെങ്കിലും പലപ്പോഴും പ്രദേശവാസികൾ വിലക്ക് മറികടന്ന് ഈ പാലം ഉപയോഗിക്കുന്നുണ്ട്.
ജലസേചന വകുപ്പിനു കീഴിൽ വിസിബി കം ബ്രിഡ്ജ് ആയാണ് 45 വർഷം മുമ്പ് പാലം പണിതത്. സമീപപ്രദേശങ്ങളിലുള്ളവർക്ക് കൃഷി ആവശ്യത്തിന് വെള്ളം ലഭ്യമാക്കുന്നതിനും ഇത് സഹായകമായിരുന്നു. ഇത് ബലക്ഷയം മൂലം തകർച്ചയിലായതോടെ ഇവിടെ പുതിയൊരു റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയർന്നുകേൾക്കുന്നതാണ്. എന്നാൽ സർക്കാരിന്റെ നടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങുന്നതാണ് പ്രശ്നം.
ഇത്തവണ പാലത്തിനടിയിലൂടെയും മുകളിലൂടെയും പലതവണ മലവെള്ളം കുത്തിയൊഴുകിയതോടെ പാലം ഏറെക്കുറെ തകർച്ചയിലേക്കുതന്നെ നീങ്ങുകയാണെന്ന് നാട്ടുകാർ പറയുന്നു. എന്നിട്ടും ഇരുവശങ്ങളിലേക്കുമുള്ള കാൽനടയാത്രക്കാർ പലപ്പോഴും ഈ പാലം ഉപയോഗിക്കുന്നുണ്ടെന്നത് കടുത്ത ആശങ്കയാവുന്നുണ്ട്.
ഇവിടെ പുതിയ വിസിബി കം ബ്രിഡ്ജ് നിർമിക്കുന്നതിനായി 27 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നബാർഡിലേക്ക് സമർപ്പിക്കുന്നുണ്ടെന്നാണ് കൊടിയമ്മയിലെ പൊതുപ്രവർത്തകൻ എ.പി. അബ്ദുസ്സലാമിന് വിവരാവകാശ നിയമപ്രകാരം ജലസേചന വകുപ്പിൽ നിന്ന് ലഭിച്ച മറുപടി. സർക്കാരിന്റെ താലൂക്ക് തല അദാലത്തിൽ പരാതി നല്കിയവർക്കും ഇതേ മറുപടിയാണ് ലഭിച്ചത്.
പുതിയ വിസിബി കം ബ്രിഡ്ജിന്റെ നിർമാണം ഈ വർഷം തന്നെ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇതിനായി രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ജില്ലയിലെ എംഎൽഎമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരെ കണ്ട് നിവേദനം നല്കിയിരുന്നു.
എംഎൽഎമാരായ എ.കെ.എം. അഷ്റഫ്, എം. രാജഗോപാൽ, സി.എച്ച്. കുഞഞമ്പുഎന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ്, വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, പഞ്ചായത്തംഗം യൂസഫ് ഉളുവാർ, ആക്ഷൻ കമ്മിറ്റി അംഗങ്ങളായ മഞ്ജുനാഥ ആൾവ, ബി.എ. സുബൈർ, കെ. യോഗിഷ, അഷ്റഫ് കൊടിയമ്മ എന്നിവരും സംബന്ധിച്ചു.