വന്യജീവി ആക്രമണങ്ങളിൽ വനംവകുപ്പിനെ കുറ്റവിചാരണ ചെയ്ത് കർഷകസ്വരാജ് കൂട്ടായ്മ
1579243
Sunday, July 27, 2025 7:36 AM IST
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ രൂക്ഷമായതിന്റെ പ്രധാന കാരണം വനംവകുപ്പിന്റെ വീഴ്ചകളാണെന്നു ചൂണ്ടിക്കാട്ടി കർഷകസ്വരാജ് സത്യാഗ്രഹ സമിതിയുടെ കുറ്റവിചാരണ സദസ്. ഓഗസ്റ്റ് 15 മുതൽ വെള്ളരിക്കുണ്ടിൽ ആരംഭിക്കുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് ശ്രമിക് ഭവനിലാണ് കുറ്റവിചാരണ സദസ് സംഘടിപ്പിച്ചത്.
ഓരോ വനമേഖലയിലെയും വന്യമൃഗവാഹക ശേഷി സംബന്ധിച്ച ശാസ്ത്രീയപഠനം നടത്താൻ കൂട്ടാക്കാത്തതു മുതൽ ജീവനഷ്ടത്തിനും കൃഷിനഷ്ടത്തിനും നാമമാത്ര നഷ്ടപരിഹാരം മാത്രം നൽകുന്ന സമീപനം വരെ പരിപാടിയിൽ കണക്കുകളുടെ പിൻബലത്തോടെ ചോദ്യം ചെയ്യപ്പെട്ടു.
രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന പ്രസിഡന്റ് ബിനോയ് തോമസ് കുറ്റവിചാരണ പ്രസംഗം നടത്തി.
പി.കെ. ഷേർളി, കെ.വി. രാഘവൻ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഐശ്വര്യ കുമാരൻ, ഷാജി കാടമന, സണ്ണി പൈകട, ബേബി ചെമ്പരത്തി എന്നിവർ പ്രസംഗിച്ചു.