ബഡ്സ് സ്കൂളിലെ നിയമനത്തിൽ ഭിന്നശേഷിക്കാരിയെ തഴയാൻ ശ്രമിക്കുന്നതായി പരാതി
1579828
Wednesday, July 30, 2025 1:04 AM IST
തൃക്കരിപ്പൂർ: വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലെക്കാട് ബഡ്സ് സ്കൂളിൽ ആയയെ നിയമിക്കുന്നതിനായി തയ്യാറാക്കിയ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരിയെ തഴയാൻ ശ്രമിക്കുന്നതായി പരാതി. തൃക്കരിപ്പൂർ കടപ്പുറം സ്വദേശിനി കെ.പി. റയ്ഹാനത്താണ് പഞ്ചായത്തിനെതിരെ നിയമനടപടിക്കൊരുങ്ങുന്നത്.
മതിയായ യോഗ്യതയുണ്ടായിട്ടും അഭിമുഖത്തിനെത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ തന്റെ ശാരിരിക വൈകല്യം എടുത്തുപറഞ്ഞ് താങ്കൾക്ക് ഈ ജോലി ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ആക്ഷേപിക്കുകയും മാനസികമായി തളർത്തുകയും ചെയ്തതായി റയ്ഹാനത്ത് പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഉടുമ്പുന്തല ബഡ്സ് സ്കൂളിലും ചെറുവത്തൂർ കാടങ്കോട്ടെ സ്കൂളിലും 12 വർഷത്തോളം ആയയായി ജോലി ചെയ്തിട്ടുള്ള ഇവർ വലിയപറമ്പ് പഞ്ചായത്ത് നേരത്തെ തയ്യാറാക്കിയ റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനക്കാരിയാണ്.
ഒന്നാം റാങ്കുകാരിക്ക് ജോലിയിൽ ചേരാൻ താത്പര്യമില്ലാത്ത സാഹചര്യത്തിൽ തന്നെ നിയമിക്കേണ്ടതിനു പകരം മറ്റൊരാളിന് നിയമനം നല്കാനാണ് പഞ്ചായത്ത് അധികൃതർ ശ്രമിക്കുന്നതെന്നും റയ്ഹാനത്ത് പറഞ്ഞു.
ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കിയിട്ടുണ്ടെന്നും നിയമനം ലഭിക്കുന്നത് വരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അവർ അറിയിച്ചു.
പത്രസമ്മേളനത്തിൽ പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങളായ സി. ദേവരാജൻ, എം.ടി. ബുഷ്റ, എം. ഹസീന, റയ്ഹാനത്തിന്റെ ഭർത്താവ് സി.എ. മുഹമ്മദ് എന്നിവരും പങ്കെടുത്തു.