കടലേറ്റത്തിന്റെ മുറിപ്പാടുകൾ മായാതെ തീരദേശം
1579349
Monday, July 28, 2025 12:51 AM IST
കാസർഗോഡ്: അജാനൂരും തൃക്കണ്ണാടും മാത്രമല്ല, ജില്ലയുടെ തീരദേശങ്ങളിൽ എല്ലായിടത്തും ഇപ്പോൾ കടലേറ്റം സൃഷ്ടിച്ച മുറിപ്പാടുകളാണ്. മഴയടങ്ങിയപ്പോൾ കടൽ അല്പമൊന്ന് പിൻവാങ്ങിയെങ്കിലും തിരമാലകൾ കോരിയെടുത്തു കൊണ്ടുപോയ കരയുടെ ബാക്കിപത്രവും വീണുകിടക്കുന്ന തെങ്ങുകളും മറ്റു മരങ്ങളും തകർന്ന കെട്ടിടങ്ങളുടെയും കടൽഭിത്തികളുടെയും അവശിഷ്ടങ്ങളുമെല്ലാം തീരദേശവാസികൾ അനുഭവിക്കുന്ന തീരാവേദനകളുടെ സാക്ഷ്യപത്രമാകുന്നു.
അജാനൂരും കീഴൂരും ഉപ്പള ബേരിക്കയിലും തീരദേശ റോഡുകളെ കടലെടുത്തു. ഉദുമയിലും തൃക്കണ്ണാടും ചെമ്പരിക്കയിലും വീടുകൾക്ക് തൊട്ടടുത്തുവരെയെത്തി. അജാനൂരിൽ ഗതിമാറിയൊഴുകിയ ചിത്താരിപ്പുഴയെ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ അഴിമുഖം അടച്ച് വഴിതിരിച്ചുവിട്ടതോടെയാണ് ഫിഷ് ലാൻഡിംഗ് സെന്റർ കെട്ടിടവും അടുത്തുള്ള വീടുകളും അപകടഭീഷണിയിൽനിന്ന് അല്പമെങ്കിലും രക്ഷപ്പെട്ടത്.
ഉപ്പള ബേരിക്കയിലും പെരിങ്കടിയിലും ഒന്നര കിലോമീറ്ററോളം ദൂരത്തിലാണ് തീരദേശ റോഡിനെയും തീരസംരക്ഷണത്തിനായി നട്ടുപിടിപ്പിച്ച കാറ്റാടി മരങ്ങളെയും കടലെടുത്തത്. ശേഷിക്കുന്ന റോഡും കാറ്റാടി മരങ്ങളും ഇപ്പോഴും അപകടഭീഷമിയിലാണ്. റോഡിന് സമീപത്തെ നിരവധി വൈദ്യുത തൂണുകളും നിലംപതിച്ചു. കാറ്റാടി മരങ്ങൾ വീണും വൈദ്യുത തൂണുകളും ലൈനുകളും തകരാറിലായി. തീരവും റോഡും സംരക്ഷിക്കുന്നതിനായി നിർമിച്ച ജിയോബാഗ് കടൽഭിത്തിയും തകർന്നു.
കീഴൂർ ചെമ്പരിക്കയിൽ ഒരു വീടിന്റെ അകത്തേക്കുപോലും തിരമാലകളെത്തി. വീട്ടുകാരോട് മാറി താമസിക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
കീഴൂർ കടപ്പുറത്തും ഒന്നര കിലോമീറ്ററോളം ദൂരത്തിലാണ് റോഡ് കടലെടുത്തത്. ഒട്ടേറെ വൈദ്യുത തൂണുകളും നിലംപതിച്ചു. ഈ റോഡിനു സമീപം നിർദിഷ്ട തീരദേശ ഹൈവേ പദ്ധതിയുടെ അലൈൻമെന്റിനായി സ്ഥാപിച്ച കുറ്റികളും കടലെടുത്തു. കൊപ്പൽ, കാപ്പിൽ, ജന്മ കടപ്പുറങ്ങളിലും തീരദേശ ഹൈവേയുടെ കുറ്റികൾ കടൽ കൊണ്ടുപോയി. തൃക്കണ്ണാട് കടപ്പുറത്ത് തീരദേശ ഹൈവേയുടെ ഭാഗമാക്കാൻ ഉദ്ദേശിച്ച സംസ്ഥപാതയുടെ തൊട്ടടുത്തുവരെ കടലെത്തി.
മഞ്ചേശ്വരം കണ്വതീർഥയിലും കീഴൂരും തൃക്കണ്ണാടിന് സമീപവും വിനോദസഞ്ചാര പദ്ധതികൾ നടപ്പാക്കാനുദ്ദേശിച്ചിരുന്ന തീരങ്ങളെയാണ് കടലെടുത്തത്. തീരദേശ പഞ്ചായത്തായ വലിയപറമ്പിൽ ഈ വർഷവും നിരവധി തെങ്ങുകൾ കടലേറ്റത്തിൽ കടപുഴകി. മീറ്ററുകളോളം ദൂരത്തിൽ കരഭാഗവും നഷ്ടമായി.
കുമ്പള പെർവാഡ് കടപ്പുറത്ത് മീറ്ററുകളോളം ഉള്ളിലേക്ക് കടൽ കടന്നുകയറിയതോടെ തീരദേശവാസികൾക്ക് ആശ്വാസവും വരുമാനമാർഗവുമായിരുന്ന തെങ്ങുകളോരോന്നായി നഷ്ടപ്പെടുന്നു. ഇന്നലെ രാവിലെ മാത്രം പത്തോളം തെങ്ങുകളാണ് തിരയടിച്ച് കടപുഴകി വീണത്. ഇവയെല്ലാം നേരത്തേ തീരത്തുനിന്ന് മീറ്ററുകളോളം അകലെയുണ്ടായിരുന്നവയാണ്.
കഴിഞ്ഞദിവസം കോയിപ്പാടി കടപ്പുറത്തും നിരവധി തെങ്ങുകൾ കടലെടുത്തിരുന്നു. ട്രോളിംഗ് നിരോധനവും മത്സ്യലഭ്യതയുടെ കുറവും തീരത്തെ വറുതിയിലാക്കുന്ന കാലത്ത് നല്ല കായ്ഫലമുള്ള തെങ്ങുകളും ഓരോന്നായി നഷ്ടമാകുന്നത് തീരദേശവാസികളെ സങ്കടപ്പെടുത്തുകയാണ്. ഇനി തേങ്ങയും വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.