ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥർ വീരമലക്കുന്ന് സന്ദർശിച്ചു
1579626
Tuesday, July 29, 2025 2:42 AM IST
ചെറുവത്തൂർ: ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥർ വീരമലക്കുന്നിന്റെ താഴ്വാരം സന്ദർശിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞാണ് ദേശീയ പാതയിലേക്ക് ഇടിഞ്ഞു വീണ കുന്നിന്റെ പശ്ചാത്തലം സന്ദർശനത്തിനെത്തിയത്.
അതേ സമയം ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ചെറുവത്തൂർ വീരമലക്കുന്നിലും മട്ടലായികുന്നിലും ഉൾപ്പെടെ ജില്ലയിലെ വിവിധ ഭാഗമായി കുന്നിടിച്ചിട്ടുള്ള മുഴുവൻ പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം. രാജഗോപാലന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
ദേശീയപാത റീജ്യണല്‍ ഓഫീസർ കേണല്‍ എ.കെ. ജാന്‍ബാസിന് ഇതു സംബന്ധിച്ച് അദ്ദേഹം കത്ത് നല്കി. മണ്ണിടിച്ചില്‍ തടയുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ശാശ്വത പരിഹാരമുണ്ടാക്കുവാന്‍ ദേശീയപാത അഥോറിറ്റിയുടെ ഭാഗത്തുനിന്നും കരാർ കമ്പനിയുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും സ്വീകിക്കാത്തത് നീതീകരിക്കാനാവില്ലെന്നും അശാസ്ത്രീയമായ മണ്ണെടുപ്പ് തുടരുന്ന സ്ഥിതിയാണ് ഇവിടെ ഉണ്ടായതെന്നും എംഎൽഎ പറഞ്ഞു.
സാധ്യമെങ്കിൽ ഇവിടെ സ്ലിപ്പ് റോഡിന് പകരം സർവീസ് റോഡ് നിർമിക്കുകയാണെങ്കിൽ ദേശീയപാതയ്ക്കും സമീപത്തുള്ള വിനോദ സഞ്ചാര കേന്ദ്രത്തിനും പ്രദേശവാസികള്‍ക്കും ഏറെ പ്രയോജനകരമാകുമെന്നും കത്തില്‍ സൂചിപ്പിച്ചു. അതോടൊപ്പം ഇത്തരം അപകടകരമായ രീതിയിൽ കുന്നിടിച്ചിട്ടുള്ള ജില്ലയിലെ തെക്കില്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രദേശങ്ങളിൽ കൂടി സുരക്ഷിതത്വം ഒരുക്കുന്നതിനാവശ്യമായ നടപടികൾ കൂടി ദേശീയപാത റീജ്യണല്‍ ഓഫീസറുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നുംനിവേദനത്തിലൂടെ ആവശ്യപ്പെട്ടു.