തകരാതെ കാക്കണം, രവീന്ദ്രന്റെ വീട്
1579622
Tuesday, July 29, 2025 2:42 AM IST
നായ്ക്കയം: പാര്‍ശ്വഭാഗം ശക്തമായ മഴയില്‍ ഇടിഞ്ഞുവീണ് സമീപത്തുള്ള വീട് അപകടാവസ്ഥയില്‍. നായ്ക്കയത്തെ എന്‍. രവീന്ദ്രന്റെ (65) വീടാണ് ഏതുനിമിഷവും നിലം പതിക്കാവുന്ന അവസ്ഥയില്‍ ഉള്ളത്. അശാസ്ത്രീയമായ മണ്ണെടുപ്പാണ് ഇതിനു കാരണം. റോഡില്‍ നിന്നും ആറു മീറ്ററോളം ഉയരത്തിലാണ് വീട് സ്ഥിതിചെയ്യുന്നത്. വീടും റോഡും തമ്മില്‍ രണ്ടുമീറ്റര്‍ ദൂരം മാത്രമേയുള്ള. ഒരു മീറ്റര്‍ കൂടി ഇടിഞ്ഞാൽ വലിയ അപകടമുണ്ടാകും.
ഒടയംചാല്‍-ചെറുപുഴ മേജര്‍ ജില്ലാ റോഡിന് വീതി കൂട്ടാനാണ് ഇവിടെ നിന്നും മണ്ണെടുത്തത്. ഇളക്കമുള്ള മണ്ണ് ആയതിനാല്‍ മണ്ണെടുക്കാന്‍ സമ്മതിക്കരുതെന്നും ഇത് അപകടമുണ്ടാക്കുമെന്നും നാട്ടുകാരില്‍ പലും രവീന്ദ്രനോട് പറഞ്ഞിരുന്നതാണ്.
എന്നാല്‍ നാടിന്റെ വികസനത്തെ കരുതി മണ്ണെടുക്കാന്‍ രവീന്ദ്രന് സമ്മതിക്കുകയായിരുന്നു. സംരക്ഷണഭിത്തി നിര്‍മിച്ചുനല്‍കാമെന്ന് കരാറുകാരും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ 2022ല്‍ റോഡ് പ്രവൃത്തി പൂര്‍ത്തിയായിട്ടും സംരക്ഷണഭിത്തി നിര്മിച്ചുനല്കിയില്ല.
ഒരു വര്‍ഷം മുമ്പ് ഇതിനു പാര്ശ്വഭിത്തികെട്ടുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചതായി വകുപ്പ് അറിയിച്ചിരുന്നതായി രവീന്ദ്രന് പറഞ്ഞു. ഇതിന് ശേഷം യാതൊരു നടപടികളും സ്വീകരിച്ചില്ല.
കാന്‍സര്‍ രോഗിയായ രവീന്ദ്രന് തൊണ്ടയില്‍ ഓപ്പറേഷന് നടത്തിയതിനാല്‍ സംസാരിക്കാന്‍ കഴിയില്ല. രോഗാവസ്ഥയും പ്രായാധിക്യവും തളര്ത്തുമ്പോഴും തന്റെ വീട് സംരക്ഷിക്കാനായി അടിയന്തരമായി പാര്‍ശ്വഭിത്തികെട്ടി നല്‍കണമെന്ന ആവശ്യവുമായി ഓടിനടക്കുകയാണ് ഇദ്ദേഹം.