കേന്ദ്രസർവകലാശാലയ്ക്ക് സമീപം വീണ്ടും പുലിഭീതി; വളർത്തുനായയെ കൊന്നുതിന്ന നിലയിൽ
1579825
Wednesday, July 30, 2025 1:04 AM IST
പെരിയ: നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം ജില്ലയില്‍ വീണ്ടും പുലിഭീതി പടരുന്നു. പെരിയ കേന്ദ്രസര്‍വകലാശാല കാമ്പസിന് സമീപം വളര്‍ത്തുനായയുടെ ജഡം പകുതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി.
തണ്ണോട്ട് പുല്ലാഞ്ഞിക്കുഴിയിലെ ജി.വി. ഗൗരിയമ്മയുടെ വളര്‍ത്തുനായയെയാണ് കടിച്ചുകൊന്നത്. ഇന്നലെ പുലര്‍ച്ചെയാണ് ജഡം കണ്ടെത്തിയത്. വീടിന്റെ ഉമ്മറത്തെ തൂണില്‍ ചങ്ങലയില്‍ കെട്ടിയിട്ടിരുന്ന പട്ടിയെയാണ് കൊന്നുതിന്നത്.
കാഞ്ഞങ്ങാട് റെയിഞ്ച് ഓഫീസർ രാഹുലിന്റെ നേതൃത്വത്തില്‍ എത്തിയ വനപാലകര്‍ പ്രദേശത്ത് രണ്ടു കാമറകള്‍ സ്ഥാപിച്ചു. മഴയായതിനാല്‍ കാല്പാടുകള് കണ്ടെത്താനായില്ലെന്ന് വനപാലകര്‍ അറിയിച്ചു.
നാലുമാസം മുമ്പ് ജില്ലയിലൊട്ടാകെ പുലിഭീതി പടര്‍ന്ന കാലത്തും കേന്ദ്ര സര്‍വകലാശാലയ്ക്ക് സമീപം പുലിയെ കണ്ടതായി നാട്ടുകാരും വാഹനയാത്രക്കാരും പറഞ്ഞിരുന്നു. സര്‍വകലാശാലയുടെ വിശാലമായ കാമ്പസില്‍ കെട്ടിടങ്ങളൊഴികെയുള്ള ഭാഗങ്ങള്‍ പലതും കാടുപിടിച്ചുകിടക്കുകയാണ്.
നേരത്തേ പ്ലാന്റേഷന് കോര്‍പറേഷന്റെ കശുമാവിന്തോട്ടമായിരുന്ന കാലത്തുതന്നെ കാട്ടുപന്നികളും ചെറുമൃഗങ്ങളും ഈ ഭാഗങ്ങളില്‍ എത്താറുണ്ടായിരുന്നു.
ഇപ്പോള്‍ പൂര്‍ണമായും കാടുമൂടിയതോടെ ഇവയ്ക്ക് പിന്നാലെ പുലിയും എത്തിയിരിക്കാമെന്നാണ് നാട്ടുകാരുടെ ഭീതി. മുളിയാറിലും പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളിയിലും കഴിഞ്ഞ ദിവസങ്ങളില്‍ വളര്‍ത്തുനായ്ക്കള്‍ക്കു നേരെ പുലിയുടെ ആക്രമണമുണ്ടായിരുന്നു.