കനത്ത കാറ്റിൽ കള്ളാർ പഞ്ചായത്തിൽ വ്യാപക നാശം
1579250
Sunday, July 27, 2025 7:36 AM IST
രാജപുരം: വെള്ളിയാഴ്ച രാത്രി മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ കള്ളാർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം. കാപ്പുംകര നളിനിയുടെ വീടിന്റെ മേൽക്കൂര തകർന്നു.
പെരുമ്പള്ളിയിലെ പി.സി. ചന്ദ്രന്റെ വീടിനു മുകളിലേക്ക് റബർ മരം കടപുഴകി വീണു. രണ്ട് വൈദ്യുത തൂണുകളും നിലംപതിച്ചു. പെരുമ്പള്ളിയിലെ സുരേഷിന്റെ വീടിനു മുകളിലെ ഷീറ്റ് തകർന്നു. കൊട്ടോടിയിലെ പി.പി. അബ്ദുള്ള മൗലവിയുടെ വീട്ടുപറമ്പിലെ പ്ലാവിന്റെ കൊമ്പ് പൊട്ടിവീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. പൂക്കുന്നത്ത് മാണിക്കത്തിന്റെ വീടിന്റെ ടെറസിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു.
കപ്പള്ളി നാഗത്തുംപാടിയിൽ തെങ്ങ് കടപുഴകി വീണതിനെ തുടർന്ന് അഞ്ച് വൈദ്യുത തൂണുകൾ തകർന്നു. ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.
രണ്ടാം വാർഡ് ആടകത്തെ മണ്ണൂർ ഷിജു മാത്യുവിന്റെ വീടിനു മുകളിലെ ഷീറ്റിട്ട മേൽപ്പുര പൂർണമായും തകർന്നുവീണു. ഇന്നലെ രാവിലെയായിരുന്നു സംഭവം. മേൽപ്പുരയ്ക്കു മുകളിലെ സോളാർ പാനലടക്കമുള്ള ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങളും വാട്ടർ ടാങ്കും നശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണനും വാർഡ് മെംബർ സണ്ണി എബ്രഹാമും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ചു.