പുത്തിഗെ കൃഷി ഓഫീസർക്കെതിരെ പരാതിയുമായി കിസാൻ സേന
1579829
Wednesday, July 30, 2025 1:04 AM IST
കുമ്പള: സാങ്കേതിക കാരണങ്ങളുടെ പേരിൽ സൗജന്യ വൈദ്യുതി നിഷേധിക്കപ്പെട്ടതുൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് പുത്തിഗെ കൃഷിഭവനു മുന്നിൽ സമരം നടത്തിയ കർഷകരെ കാർഷിക വികസനസമിതി യോഗത്തിൽവച്ച് കൃഷി ഓഫീസർ അപമാനിക്കുകയും വിമർശിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി കിസാൻ സേനയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും പരാതി നല്കി.
ഈ മാസം 10 നാണ് കിസാൻ സേനയുടെ നേതൃത്വത്തിൽ സമരം നടത്തിയത്.
ചിങ്ങം ഒന്ന് കർഷക ദിനാചരണ പരിപാടികളുമായി ബന്ധപ്പെട്ട കൂടിയാലോചനകൾക്കായാണ് ശനിയാഴ്ച കാർഷിക വികസനസമിതി യോഗം ചേർന്നത്.
എന്നാൽ ഈ വിഷയം മാറ്റിവച്ച് നേരത്തേ നടന്ന സമരത്തെ വിമർശിക്കാനാണ് കൃഷി ഓഫീസർ സമയം കണ്ടെത്തിയതെന്ന് പരാതിയിൽ പറയുന്നു. രാഷ്ട്രീയ താല്പര്യമുള്ള ചിലരെ കൂട്ടുപിടിച്ച് കർഷകരിൽ ചേരിതിരിവുണ്ടാക്കാനാണ് കൃഷി ഓഫീസർ ശ്രമിച്ചതെന്നും കിസാൻ സേന ജനറൽ സെക്രട്ടറി ഷുക്കൂർ കണാജെ ആരോപിച്ചു.