കാറഡുക്ക സൗരോര്‍ജവേലി; വാച്ച് ടവര്‍ ഉദ്ഘാടനത്തിനൊരുങ്ങി
1579832
Wednesday, July 30, 2025 1:04 AM IST
കാറഡുക്ക: വന്യജീവി പ്രതിരോധത്തിനായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ നിര്‍മിച്ച സോളാര്‍ വൈദ്യുതിവേലി സംസ്ഥാനത്ത് തന്നെ മാതൃക പദ്ധതിയായി. മേഖലയില്‍ വന്യജീവികളെ നിരീക്ഷിക്കുന്നതിനും ആവശ്യസാധനങ്ങള്‍ സംഭരിക്കാനും മറ്റുമായി പുലിപ്പറമ്പില്‍ നിര്‍മിച്ച വാച്ച് ടവര്‍ ഉദ്ഘാടനത്തിനായി തയാറായി. 3.3 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഇതില്‍ 1.20 കോടി രൂപ ത്രിതല പഞ്ചായത്തുകള്‍ പദ്ധതിക്കായി കൈമാറി.
കാട്ടാനശല്യം രൂക്ഷമായ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വനാതിര്‍ത്തിയോട് ചേര്‍ന്നു നില്ക്കുന്ന ദേലംപാടി, കാറഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ സോളാര്‍ തൂക്കുവേലിയിലൂടെ നാടിന്റെ കാട്ടാന ശല്യത്തിനാണ് ശാശ്വതപരിഹാരമായത്. സോളാര്‍ തൂക്കു വേലിയുടെ എട്ടുകിലോമീറ്റര്‍ കൂടി വ്യാപിപ്പിക്കുന്നതിനായി ത്രിതല പഞ്ചായത്ത് വിഹിതമായി 50 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്.
അടങ്ങാത്ത കാട്ടാന ആക്രമണത്തിൽ കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണ് അതിര്‍ത്തി ഗ്രാമത്തിലുണ്ടായത്. പലരും സ്ഥലം തന്നെ ഉപേക്ഷിച്ച് പേകാന്‍ നിര്‍ബന്ധിതമായി. ഇതിനൊരു ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമായതോടെയാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സോളാര്‍ തൂക്കുവേലിയുടെ ആലോചനയില്‍ എത്തുന്നത്.
ബ്ലോക്ക് പഞ്ചായത്തിന്റെയും പഞ്ചായത്തുകളുടെയും വനംവകുപ്പിന്റെയും നാട്ടുകാരുടെയും കുടിയാലോചനകളുടെ ഫലമായി വനം വകുപ്പിന്റെ പിന്തുണയില്‍ പദ്ധതി യാഥാര്‍ഥ്യമായി. വനംവകുപ്പുമായി ചേര്‍ന്ന് ത്രിതല പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ വന്യജീവി പ്രതിരോധ പദ്ധതി കൂടിയാണിത്.
മാതൃകാപദ്ധതിയെന്ന നിലയില്‍ 60 ലക്ഷം രൂപ പ്രോത്സാഹന ധനസഹായവും അനുവദിച്ചു. കര്‍ണാടക അതിര്‍ത്തിയായ മണ്ടക്കോല്‍ തലപ്പച്ചേരി മുതല്‍ പുലിപ്പറമ്പ് വരെയുള്ള 29 കിലോമീറ്ററില്‍ തൂക്കുവേലി നടപ്പാക്കാനാണ് തീരുമാനിച്ചത്. ചാമക്കൊച്ചി മുതല്‍ വെള്ളക്കാന വരെയുള്ള എട്ടു കിലോമീറ്ററില്‍ ആദ്യഘട്ടത്തില്‍ സ്ഥാപിച്ചു.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിരോധ മതിലുകള്‍ നിര്‍മിച്ചു വൈദഗ്ധ്യമുള്ള കേരളാ പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു നിര്‍മാണ ചുമതല. രണ്ടരമീറ്റര്‍ ഉരത്തില്‍ ഇരുമ്പ് തൂണുകള്‍ നാട്ടി നെടുകെ ലൈന്‍ വലിക്കും. ഈ ലൈനില്‍ നിന്ന് താഴോട്ട് കുറുകെ പയറുവള്ളികള്‍ പോലെ താഴ്ന്നു കിടക്കുന്നതാണ് വേലിയുടെ മാതൃക. ഇതിനോടനുബന്ധിച്ച് ക്യാമ്പ് ഷെഡ്, സെര്‍ച്ച് ടവര്‍ എന്നിവ പൂര്‍ത്തീകരിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി തൂക്കുവേലി നിലവില്‍ വന്ന പ്രദേശങ്ങളില്‍ ആനശല്യം പൂര്‍ണമായി ഒഴിവായതായി കര്‍ഷകര്‍ പറയുന്നു. തൂക്കുവേലിയുടെ പരിപാലനത്തിനും നിരീക്ഷണത്തിനും അടിക്കാടുകള്‍ വെട്ടുന്നതിനുമായി എട്ടു താത്കാലിക വാച്ചര്‍മാരുമുണ്ട്.
കഴിഞ്ഞ 15 വര്‍ഷക്കാലമായി മുളിയാര്‍, കുറ്റിക്കോല്‍, ദേലംപാടി, കാറഡുക്ക പഞ്ചായത്തുകളില്‍ വ്യാപകമായിട്ടുള്ള കാട്ടാനപ്രശ്നം നിലനിന്നിരുന്നു. കാടും നാടും ഇടതൂര്‍ന്നു നില്ക്കുന്ന ഈ സ്ഥലത്ത് കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി വ്യാപകമായ കൃഷിനാശവും വരുത്തിയിരുന്നു. 2021 കാറഡുക്ക ആനപ്രതിരോധ പദ്ധതി നിലവില്‍ വരികയും 2023 ഓടെ അതു പൂര്‍ത്തീകരിക്കുകയും ചെയ്തു.
ഈ വേലികള്‍ വളരെ കാര്യക്ഷമമായി കൊണ്ട് പഞ്ചായത്തിന്റെയും വനസംരക്ഷണ സമിതിയുടെയും സഹായത്തോടെ സംരക്ഷിച്ചുവരുന്നതുകൊണ്ട് തന്നെ നിലവില്‍ കാട്ടാനപ്രശ്നം ഈ പഞ്ചായത്തുകളില്ല. ഇരുപത്തി രണ്ടോളം വരുന്ന കാട്ടാനകളെ വേലിക്ക് പുറത്തുനിര്ത്തുവാനും മുളിയാര്‍ കാറഡുക്ക, ദേലംപാടി, കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളിലെ വ്യാപകമായ പ്രശ്നങ്ങള്‍ പരിഹരിക്കുവാനും നിലവില്‍ സാധിച്ചിട്ടുണ്ടെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. അഷറഫ് പറഞ്ഞു.