മണ്ഡപം-കടുമേനി പാലം കെസിവൈഎം പ്രവർത്തകർ ശുചീകരിച്ചു
1579340
Monday, July 28, 2025 12:51 AM IST
മണ്ഡപം: മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രകർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന മണ്ഡപം-കടുമേനി റോഡിൽ മണ്ഡപം പുഴയ്ക്ക് കുറുകെയുള്ള പാലം വൃത്തിയാക്കി മണ്ഡപം കെസിവൈഎം യൂണിറ്റ് മാതൃകയായി.
മഴക്കാലത്ത് മുകളിലെ കുന്നിൽ നിന്നും ഒഴുകിവരുന്ന കല്ലും മണ്ണും പാലത്തിൽ അടിഞ്ഞു കൂടുകയും ഇരുചക്രവാഹന യാത്രക്കാരും കാൽനട യാത്രികരും അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡിന് ആവശ്യമായ ഓടകൾ നിർമിക്കാത്തതും കൈവരി പോലുമില്ലാത്ത പാലത്തിന് യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതും ആണ് ഈ ദുരവസ്ഥയ്ക്ക് കാരണം.
മണ്ഡപം ഭാഗത്തുനിന്നും പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സുരക്ഷാവേലി നിർമിക്കേണ്ടത് അത്യാവശ്യമാണ്. കാടുമൂടി കിടക്കുന്ന ഈ ഭാഗം രാത്രികാലങ്ങളിൽ എത്തുന്ന വാഹനങ്ങൾ തിരിച്ചറിയാതെ വരികയും പുഴയിലേക്ക് വീഴുവാൻ സാധ്യത ഏറെയാണ്.
അധികാരികൾ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ശുചീകരണ പ്രവർത്തികൾക്ക് കെസിവൈഎം മണ്ഡപം യൂണിറ്റ് ആനിമേറ്റർ സ്റ്റീഫൻ ഷൈൻവില്ല, പ്രസിഡന്റ് ജോസഫ് ഞൊണ്ടമ്മാക്കൽ, ബോബിൻ, ആന്റോ, ബിൽബിൻ, തോമസ് എന്നിവർ നേതൃത്വം നൽകി.