റോഡരികിലെ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു
1579339
Monday, July 28, 2025 12:51 AM IST
കാസര്‍ഗോഡ്: റോഡരികിലെ നൂറ്റാണ്ട് പഴക്കമുള്ള കൂറ്റന്‍ ആല്‍മരം കടപുഴകി വീണു. ഇന്നലെ രാവിലെയുണ്ടായ അതിശക്തമായ കാറ്റിലാണ് ചെമ്മനാട്-ചളിയംകോട്-പള്ളിപ്പുറം റോഡരികിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൂറ്റന്‍ ആല്‍മരം കടപുഴകി റോഡിലേക്ക് വീണത്.
കുട്ടികള്‍ അടക്കം നിരവധി പേര് കാല്‍നടയായും ഒട്ടനവധി വാഹനങ്ങളും പോകുന്ന റോഡ് ആണിത്. ആല്മരത്തിന് സമീപത്ത് വീടുകള്‍ ഉണ്ടായിട്ടും മരം റോഡിലേക്ക് വീണതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വൈദ്യുതി ലൈനും ഇതുവഴി കടന്നു പോകുന്നുണ്ടെങ്കിലും മരം വൈദ്യുതി ലൈനിലേക്ക് വീഴാതിരുന്നതിനാലും വലിയ അപകടമാണ് വഴിമാറിയത്.
ഇതേതുടര്‍ന്ന് മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ കാസര്‍ഗോഡ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തില്‍ കാസര്‍ഗോട്ടു നിന്നും രണ്ടു യൂണിറ്റ് വാഹനം എത്തി മരം മുറിച്ചുമാറ്റി റോഡ് ഗതാഗതയോഗ്യമാക്കി.
സേനാഗംങ്ങളായ എം. രമേശ, ഒ.കെ. പ്രജിത്ത്, എസ്. സാദിഖ്, ജിത്തു തോമസ്, ടി. അമല്‍രാജ്, ഹോംഗാര്‍ഡുമാരായ രാജേന്ദ്രന്, എം.കെ. ഷൈലേഷ്, കെ.വി. ശ്രീജിത്ത് എന്നിവര്‍ ഉണ്ടായിരുന്നു.