ഈസ്റ്റ് എളേരി പഞ്ചായത്ത് ലൈബ്രറി പുനരാരംഭിച്ചു
1580640
Saturday, August 2, 2025 2:15 AM IST
ചിറ്റാരിക്കാൽ: അടഞ്ഞുകിടന്ന ഈസ്റ്റ് എളേരി പഞ്ചായത്ത് ലൈബ്രറി പുനരാരംഭിച്ചു. പഞ്ചായത്ത് നടപ്പാക്കുന്ന നൂറുദിന പദ്ധതിയിലുൾപ്പെടുത്തിയാണ് ഇപ്പോൾ ലൈബ്രറി സൗകര്യം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
നവീകരിച്ച ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി നിർവഹിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ.ആർ. വിജയകുമാർ, പഞ്ചായത്ത് അസി. സെക്രട്ടറി കെ.ജെ. പോൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.കെ. ഗോപാലകൃഷ്ണൻ, ഹെഡ് ക്ലാർക്ക് ടി.വി. അനീഷ്, ക്ലാർക്ക് അമൽ ഏബ്രഹാം എന്നിവർ സംബന്ധിച്ചു.
റഫറൻസ് ഗ്രന്ഥങ്ങളുൾപ്പെടെ പതിനായിരത്തോളം പുസ്തകങ്ങളുള്ള ഈ ഗ്രന്ഥശാല ലൈബ്രറിയനില്ലാത്തതിനാൽ വർഷങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. ഇവിടെ സ്ഥിരം ലൈബ്രേറിയനെ നിയമിക്കാൻ പഞ്ചായത്ത് ഭരണസമിതി ശ്രമം നടത്തിയിരുന്നെങ്കിലും അതു ചുവപ്പുനാടയിൽ കുടുങ്ങി.
ഇതേത്തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി, ഓഫീസിലെ സ്ഥിരം ജീവനക്കാർക്ക് ലൈബ്രറിയുടെ ചുമതല നൽകി പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഇതോടെ എല്ലാ പ്രവൃത്തിദിനങ്ങളിലും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ വായനക്കാർക്ക് ഇവിടെനിന്നും പുസ്തകങ്ങളെടുക്കാൻ കഴിയും.
സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗീകരിച്ച ലിബ്കാറ്റ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ഈസ്റ്റ് എളേരി പഞ്ചായത്ത് ലൈബ്രറിയിൽ ഉടൻ ഡിജിറ്റൈസേഷൻ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 13 ലൈബ്രേറിയൻമാരുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ ഡാറ്റ എൻട്രി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കും.