കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ തല്ലും എന്ന ഇരട്ടത്താപ്പ് നടക്കില്ല: റവ.ഡോ. ഫിലിപ്പ് കവിയിൽ
1580376
Friday, August 1, 2025 1:09 AM IST
ചിറ്റാരിക്കാൽ: കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ തല്ലും എന്ന ഇരട്ടത്താപ്പ് ഇനി നടക്കില്ലെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് തോമാപുരം ഫൊറോന കൗൺസിലിന്റെ നേതൃത്വത്തിൽ ചിറ്റാരിക്കാലിൽ സംഘടിപ്പിച്ച പ്രതിഷേധറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിൽ ഹൈന്ദവരുടെ നല്ല മനസിലാണ് ക്രിസ്തുമതം വളർന്നത്.മിഷനറിമാരുടെ സ്കൂളുകളിൽ നിന്നാണ് ഇന്നത്തെ ഭരണാധികാരികൾ രൂപപ്പെട്ടത്.
ഛത്തീസ്ഗഡിൽ കത്തോലിക്ക സന്യാസിനിമാരെ മനുഷ്യാവകാശത്തിന്റെ സകല സീമകളും ലംഘിച്ചുകൊണ്ട്, നിയമവിരുദ്ധമായി ബജറംഗ്ദൾ എന്ന തീവ്ര ഹിന്ദുത്വ ഭീകരരുടെ ഒത്താശയോടെ ഛത്തീസ്ഗഡ് പോലിസ്, ജയിലിൽ അടച്ചത് എറെ പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഫൊറോന വികാരി റവ.ഡോ. മാണി മേൽവെട്ടം അധ്യക്ഷതവഹിച്ചു.
ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, എകെസിസി ഫൊറോന പ്രസിഡന്റ് സാജു പടിഞ്ഞാറേട്ട്, കണ്ണിവയൽ ലിസ്യുഭവൻ സുപ്പീരിയർ സിസ്റ്റർ ദിവ്യ എംഎസ്എംഐ, എകെസിസി ഫൊറോന ഡയറക്ടർ ഫാ. മാത്യു വളവനാൽ, മാതൃവേദി ഫൊറോന പ്രസിഡന്റ് സെലീന കാരക്കാട്ട് വടക്കേതിൽ, എകെസിസി തോമാപുരം മേഖല ജോയിന്റ് സെക്രട്ടറി കെ.സി. സെബാസ്റ്റ്യൻ കോട്ടയിൽ, യൂത്ത് കോ-ഓർഡിനേറ്റർ റിജേഷ് കാവുന്തല എന്നിവർ പ്രസംഗിച്ചു.
തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയിൽ നിന്നും ആരംഭിച്ച റാലി ചിറ്റാരിക്കാൽ ടൗൺ ചുറ്റി കുരിശുപള്ളിക്ക് സമീപം സമാപിച്ചു.
ഫൊറോനയിലെ വൈദികരും കന്യാസ്ത്രീകളും നൂറുകണക്കിന് ഇടവകാംഗങ്ങളും പങ്കെടുത്തു.