മാർക്കറ്റിലും അടുക്കളയിലും മീനുകൾ തിരിച്ചെത്തുന്നു
1580377
Friday, August 1, 2025 1:09 AM IST
കാസർഗോഡ്: വർഷകാല ട്രോളിംഗ് നിരോധനം ഇന്നലെ അവസാനിച്ചതോടെ യന്ത്രവത്കൃത ബോട്ടുകൾ കടലിലിറങ്ങിത്തുടങ്ങി. കാലവർഷവും കടലേറ്റവും അല്പമൊന്ന് അടങ്ങിയതോടെ കഴിഞ്ഞ ആഴ്ചയിൽ തന്നെ മത്സ്യവിപണി സജീവമായിരുന്നു. അയലയും മത്തിയും ചെമ്മീനുമെല്ലാം മാർക്കറ്റുകളിലും അടുക്കളകളിലും യഥേഷ്ടം എത്തിത്തുടങ്ങി.
ക്ഷാമകാലത്ത് കിലോയ്ക്ക് 400 രൂപ വരെ എത്തിയിരുന്ന ചെമ്മീൻ വില 200 രൂപ വരെയായി കുറഞ്ഞു. അയലയും മത്തിയുമെല്ലാം നൂറ്റമ്പതും ഇരുനൂറും രൂപയ്ക്ക് ലഭിച്ചുതുടങ്ങിയത് പച്ചക്കറി വിലക്കയറ്റത്തിൽ പകച്ചുനിന്നിരുന്ന അടുക്കളകളിൽ ആശ്വാസമായി.
ഇന്നുമുതൽ ബോട്ടുകൾ വ്യാപകമായി കടലിലിറങ്ങുന്നതോടെ വില ഇനിയും കുറയുമെന്നാണ് പ്രതീക്ഷ.
ട്രോളിംഗ് നിരോധനവും കടലേറ്റവും മൂലം ജോലിക്കു പോകാനാവാതെ ജീവിതം വഴിമുട്ടിനിന്ന മത്സ്യത്തൊഴിലാളികൾക്കും ഈയാഴ്ച ആശ്വാസത്തിന്റേതായി.
മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന ഏജന്റുമാരും വില്പനത്തൊഴിലാളികളുമടക്കം നിരവധിയാളുകൾ ഇന്നുമുതൽ പുതിയ പ്രതീക്ഷകളോടെ തൊഴിലിടങ്ങളിലേക്ക് മടങ്ങും.
ഈ സീസണിന്റെ തുടക്കത്തിൽ മാർക്കറ്റിൽ ഏറ്റവും കൂടുതലായി എത്തുന്നത് വിവിധ വലിപ്പത്തിലുള്ള ചെമ്മീനാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ അയലയും വിവിധതരം പൊടിമീനുകളും എത്തിത്തുടങ്ങി.
നാടൻ മീനുകൾ യഥേഷ്ടം എത്തിത്തുടങ്ങുന്നതോടെ മംഗളൂരുവിൽ നിന്നും മറ്റും ജില്ലയിലേക്കുള്ള മീൻവരവ് കുറയും. സംശയിക്കാതെ എടുത്തുപയോഗിക്കാവുന്ന പുതിയ മീൻ തന്നെ കിട്ടുന്നത് ഉപഭോക്താക്കൾക്കും ആശ്വാസമാകും.