സെപ്റ്റിക് ടാങ്കിൽ വീണ ഗർഭിണിയായ പശുവിനെ രക്ഷിച്ചു
1580382
Friday, August 1, 2025 1:09 AM IST
തൃക്കരിപ്പൂർ: നടക്കാവ് മൈത്താണിയിൽ ഉപയോഗ ശൂന്യമായ സെപ്റ്റിക് ടാങ്കിൽ ഗർഭിണിയായ പശുകാൽ തെറ്റിവീണു. ഒടുവിൽ തൃക്കരിപ്പൂർ അഗ്നി രക്ഷസേനയും നാട്ടുകാരും ചേർന്ന് രണ്ടര മണിക്കൂർ നേരത്തെ പരിശ്രമത്തിലാണ് പശുവിനെ പുറത്തെത്തിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. മൈത്താണിയിലെ മുതിർന്ന കർഷക കുതിരുമ്മൽ പത്മാവതിയുടെ പശുവാണ്പുല്ലു മേയ്ക്കാൻ കൊണ്ടു പോകുന്നതിനിടയിൽ സെപ്റ്റിക് ടാങ്കിൽ വീണത്.
തൊട്ടടുത്ത അഗ്നി രാക്ഷാസേനാ നിലയത്തിൽ നാട്ടുകാർ വിവരം പറഞ്ഞതോടെ ടീം രംഗത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ പശുവിനെ രക്ഷിക്കുകയായിരുന്നു. ചെത്ത് കല്ല് കൊണ്ട് കെട്ടിയുണ്ടാക്കിയ സെപ്റ്റിക് ടാങ്കിന്റെ മുകൾഭാഗം സ്ലാബ് ഇട്ട് അടച്ചിരുന്നില്ല.
പശുവിനെ മൈത്താണി വയലിലേക്ക് മേയ്ക്കാൻ കൊണ്ടു പോകുന്നതിനിടയിൽ ടാങ്കിന്റെ മുകളിലിട്ടിരുന്ന മടലുകളിൽ ചവിട്ടി പശു കാൽ തെറ്റി വീഴുകയായിരുന്നു. പിൻഭാഗം കുത്തി വീണ പശുവിനെ കയറ്റാൻ ബെൽറ്റിട്ട് നടത്തിയ ആദ്യശ്രമം പരാജയപ്പെട്ടതോടെ കെട്ടിയ ചെത്ത് കല്ലകൾ ഓരോന്നായി ഇളക്കിയെടുത്ത് മണ്ണ് ഇട്ട് രണ്ടര മണിക്കൂർ നേരത്തെ പരിശ്രമത്തിലൂടെയാണ് പശുവിനെ രക്ഷിച്ചെടുത്തത്.
തുടർന്ന് ഡോ. സ്മിതയുടെ നേതൃത്വത്തിൽ പശുവിനെ പരിശോധിച്ച് ചികിത്സ നൽകി.