പോക്സോ കേസുകളിൽ മൂന്നു പേർക്കു ശിക്ഷ
1580380
Friday, August 1, 2025 1:09 AM IST
കാഞ്ഞങ്ങാട്: വിവിധ പോക് സോ കേസുകളിൽ 3 പേർക്ക് ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോര്‍ട്ട് ജഡ്ജ് പി.എം. സുരേഷ് തടവ് ശിക്ഷ വിധിച്ചു.
ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ചെങ്കള പൈക്കയിലെ ബാലകൃഷ്ണന് 11 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ നൽകി.പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ഒരു മാസവും അധികതടവ് അനുഭവിക്കണം. 2024 ഏപ്രില്‍ 11നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ കുട്ടിയുടെ പുതുതായി നിര്‍മിക്കുന്ന വീട്ടിലേക്ക് പ്രതി കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. അന്നത്തെ ബദിയഡുക്ക എസ്ഐ എന്‍. അന്‍സാര്‍ ആണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മടിക്കൈ ബങ്കളത്തെ കെ. അശോകന് ഏഴുവര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒമ്പതുമാസം അധികതടവ് അനുഭവിക്കണം. 2024 മെയ് 15നു പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. അന്നത്തെ നീലേശ്വരം എസ്ഐ ടി. വിശാഖ് ആണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി തുളുച്ചേരിയിലെ പി .അശോകന് അഞ്ചുവര്‍ഷം കഠിനതടവും 11,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറു മാസവും രണ്ടാഴ്ചയും അധികതടവ് അനുഭവിക്കണം. 2023 സെപ്റ്റംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡിന്റെ പടിഞ്ഞാറ് ഭാഗക്ക് കാസര്‍ഗോഡ് ഭാഗത്തേക്ക് പോകുന്ന ബസ് നിര്‍ത്തുന്ന സ്ഥലത്തിനടുത്തുള്ള ഫുട്പാത്തില്‍ കൂടി നടന്നുപോകുന്ന പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് കേസ്. അന്നത്തെ ഹൊസ്ദുര്‍ഗ് എസ്ഐ ആയിരുന്ന കെ. വേലായുധന് ആണ് കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
മൂന്നു കേസുകളിലും പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ഗംഗാധരന് ഹാജരായി.