വീരമലക്കുന്നിനായി പ്രതിഷേധമതിൽ തീർത്തു
1580642
Saturday, August 2, 2025 2:15 AM IST
ചെറുവത്തൂർ: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ചെറുവത്തൂരിൽ കുന്നിടിച്ചു നിരത്തിയതിന്റെ തിക്തഫലം അനുഭവിച്ചു വരുന്ന മയ്യിച്ച പ്രദേശത്തുകാർ വീരമലക്കുന്നിന്റെ താഴ് വാരത്ത് പ്രതിഷേധമതിൽ തീർത്തു. ചെറുവത്തൂർ മയ്യിച്ച വയൽക്കര ക്ഷേത്ര കവാടത്തിൽ നിന്നുമാരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് നാട്ടുകാർ അണിനിരന്നു.
ചെറുവത്തൂർ മയ്യിച്ച ഭാഗത്തേക്കുള്ള സർവീസ് റോഡും ബസ് സ്റ്റോപ്പും നിർമിക്കുക, പതിറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന ശ്മശാനത്തിലേക്ക് റോഡ് പുനഃസ്ഥാപിക്കുക, കുടിവെള്ളത്തിനുപയോഗിച്ചുവരുന്ന കിണറിന് അടപ്പ് സ്ഥാപിക്കുക, പഞ്ചായത്ത് കുളം സംരക്ഷിക്കുക, വെള്ളം ഒഴുകിപ്പോകുന്നതിന് ഓവുചാൽ പണിയുക, പുഴ തടപ്പെടുത്തി നിർമിച്ച താത്കാലിക ബണ്ട് നീക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു നാട്ടുകാർ പ്രതിഷേധ മതിൽ സൃഷ്ടിച്ചത്.
വെങ്ങാട്ട് ചെക്ക് പോസ്റ്റ് ജംഗ്ഷൻ ചുറ്റി വീരമലയുടെ താഴ് വാരത്ത് എത്തിയ ശേഷമാണ് ദേശീയ പാതയുടെ കിഴക്ക് ഭാഗത്ത് മയ്യിച്ച വികസന സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ വീരമല സംരക്ഷണത്തിനായി മനുഷ്യരുടെ ധീരമതിൽ തീർത്തത്. വീരമലക്കുന്നിന്റെ സംരക്ഷണവും നാട്ടുകാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരവും ആവശ്യപ്പെട്ടാണ് മയ്യിച്ച വികസന സമിതിയുടെ നേതൃത്വത്തിൽ ആദ്യഘട്ട മനുഷ്യമതിൽ ഒരുക്കിയത്.
തുടർന്നു നടന്ന പ്രതിഷേധ യോഗം ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. എം. രാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു.
മയ്യിച്ച വികസന സമിതി പ്രസിഡന്റ് വി.വി. കൃഷ്ണൻ, വാർഡ് മെംബർ കെ. മഞ്ജുഷ, ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ, സിപിഎം നേതാവ് കെ. ബാലകൃഷ്ണൻ, സിപിഐ നേതാവ് മുകേഷ് ബാലകൃഷ്ണൻ, ബിജെപി നേതാവ് രാജീവൻ ചീമേനി, ആർജെഡി ജില്ലാ പ്രസിഡന്റ് വി.വി. കൃഷ്ണൻ, എസ്എൻടിടിഐയിലെ അധ്യാപിക സിന്ധു ഹരീഷ്, കരിമ്പിൽ കൃഷ്ണൻ, എ.വി. ദാമോദരൻ, എം.പി. കുഞ്ഞിരാമൻ, എം. ശിശുപാലൻ, രവീന്ദ്രൻ മാണിയാട്ട് എന്നിവർ പ്രസംഗിച്ചു.