പെരിങ്കടിയിൽ കടലേറ്റം അതിരൂക്ഷം; റോഡും വൈദ്യുതിയുമില്ലാതെ കുടുംബങ്ങൾ
1580288
Thursday, July 31, 2025 7:47 AM IST
ഉപ്പള: മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടും ഉപ്പള പെരിങ്കടി തീരത്ത് കടലേറ്റം അതിരൂക്ഷമായി തുടരുന്നു. കടലേറ്റത്തിൽ തകർന്ന തീരദേശ റോഡിന് സമീപത്തുണ്ടായിരുന്ന അഞ്ച് വൈദ്യുത തൂണുകളാണ് ചൊവ്വാഴ്ച ഉച്ചയോടെ കടലെടുത്തത്.
ഇതോടെ പ്രദേശത്തെ അമ്പതോളം കുടുംബങ്ങൾ ഇരുട്ടിലായി. പെരിങ്കടിയിൽ നിന്ന് മുട്ടത്തേക്കുള്ള റോഡും ഇല്ലാതായതോടെ ഇവർ മറ്റെങ്ങും പോകാൻ കഴിയാത്ത നിലയിൽ ഒറ്റപ്പെട്ടിരിക്കുകയാണ്.
പെരിങ്കടി മുതൽ മുട്ടം വരെയുള്ള ഭാഗത്തെ ഇരുപതോളം വൈദ്യുത തൂണുകൾ ഇപ്പോഴും അപകടഭീഷണിയിലാണ്. അടുത്തുതന്നെ ട്രാൻസ്ഫോർമറുമുണ്ട്. കടലിലേക്ക് മറിഞ്ഞുവീണ തൂണുകളിൽ നിന്നുള്ള വൈദ്യുത ലൈനുകളും തീരത്ത് വീണുകിടക്കുകയാണ്. തൂണുകൾ മറിയാൻ തുടങ്ങിയപ്പോൾതന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി.