ഒറ്റപ്പെട്ട് കാടുമൂടി ഒരു ഐസൊലേഷൻ വാർഡ് കെട്ടിടം
1580637
Saturday, August 2, 2025 2:15 AM IST
നീലേശ്വരം: എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രധാനപ്പെട്ട ഒരു സർക്കാർ ആശുപത്രിയോടനുബന്ധിച്ച് ഐസൊലേഷൻ വാർഡ് നിർമിക്കാനുള്ള പദ്ധതി വന്നത് കോവിഡ് വ്യാപനത്തിന്റെ അവസാനകാലത്താണ്. അങ്ങനെ തൃക്കരിപ്പൂർ മണ്ഡലത്തിലെ ഐസൊലേഷൻ വാർഡ് നിർമിക്കാൻ തീരുമാനിച്ചത് നീലേശ്വരം താലൂക്ക് ആശുപത്രിയിലാണ്.
ഒരു കോടി രൂപയാണ് ഓരോ ഐസൊലേഷൻ വാർഡ് കെട്ടിടത്തിന്റെയും നിർമാണത്തിനായി അനുവദിച്ചത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനായിരുന്നു നിർമാണ ചുമതല.
കൊട്ടിഘോഷിച്ച് നിർമാണം തുടങ്ങിയെങ്കിലും നീലേശ്വരത്തെ കെട്ടിടം ഇതുവരെ പൂർത്തിയായില്ല. ആശുപത്രിയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് അല്പം മാറി നിർമാണം അവസാനഘട്ടത്തിലെത്തിയിരുന്ന കെട്ടിടം ഇപ്പോൾ കാടുമൂടി നശിക്കുകയാണ്.
കോവിഡ് നിയന്ത്രണങ്ങളുടെ കാലം കഴിഞ്ഞതോടെ അതുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളിലുമുണ്ടായ മെല്ലെപ്പോക്ക് ഇക്കാര്യത്തിലും വന്നതാണ് പ്രശ്നമായത്. ചിലയിടങ്ങളിൽ ഏതാണ്ട് പൂർത്തിയായ കെട്ടിടങ്ങൾ അതത് ആശുപത്രികളിലെ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ നീലേശ്വരത്ത് അതുമുണ്ടായില്ല.
ഐസോലേഷൻ വാർഡിന്റെ ഭാഗമായി ലഭ്യമായ പത്തോളം കിടക്കകൾ ആശുപത്രിയിലെ വയോജനങ്ങളുടെ വാർഡിൽ ഉപയോഗിക്കുന്നുണ്ടെന്നതു മാത്രമാണ് ഏക ആശ്വാസം.
കെട്ടിടനിർമാണം പൂർത്തീകരിച്ച് ആശുപത്രിക്ക് ഗുണകരമാകുന്ന ഏതെങ്കിലും വിധത്തിൽ ഉപയോഗപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.