വളർത്തുനായയുടെ ജഡം പാതി ഭക്ഷിച്ച നിലയിൽ
1580379
Friday, August 1, 2025 1:09 AM IST
പാണത്തൂർ: കല്ലപ്പള്ളിയിൽ നാലു ദിവസത്തിന്റെ മാത്രം ഇടവേളയിൽ വീണ്ടും പുലിയിറങ്ങി. കല്ലപ്പള്ളി പെരുമുണ്ടയിലെ പി.ബി. പത്മയ്യയുടെ വളർത്തുനായയാണ് ബുധനാഴ്ച രാത്രി പുലിയുടെ ഇരയായത്.
ഇന്നലെ രാവിലെ നായയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിൽ സമീപത്തെ റബർ തോട്ടത്തിലാണ് പാതി ഭക്ഷിച്ച നിലയിലുള്ള ജഡം കണ്ടെത്തിയത്.
ഞായറാഴ്ച കല്ലപ്പള്ളിയിലെ ദൊഡ്ഡമന ബാബുവിന്റെ വളർത്തുനായയെ പുലി കൊണ്ടുപോയിരുന്നു. നേരത്തേ മാസങ്ങളുടെ ഇടവേളയിൽ മാത്രം കർണാടക വനത്തിൽ നിന്ന് പുലിയിറങ്ങാറുണ്ടായിരുന്നത് ഇപ്പോൾ ആഴ്ചകളും പിന്നിട്ട് ദിവസങ്ങളുടെ മാത്രം ഇടവേളയിലായതായി നാട്ടുകാർ പറയുന്നു. ഓരോ തവണയും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്നതല്ലാതെ ആവശ്യമായ പരിഹാര നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
പുലിയുടെ സാന്നിധ്യം പതിവായതോടെ സംസ്ഥാന അതിർത്തിയോടുചേർന്ന ഈ പ്രദേശത്തുള്ളവർ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ തന്നെ ഭയക്കുകയാണ്. എത്രയും വേഗം പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനം വകുപ്പ് ഉദ്യോഗസ്ഥരും ആർആർടി സംഘവും പ്രദേശത്ത് പരിശോധന നടത്തി.