മഴയൊഴിയുമ്പോൾ കുഴിനിറഞ്ഞ് റോഡുകൾ
1580290
Thursday, July 31, 2025 7:47 AM IST
കാസർഗോഡ്: സാങ്കേതികവിദ്യകൾ ഒരുപാട് പുരോഗമിച്ചിട്ടും ഒരു മഴക്കാലം പെയ്തൊഴിയുമ്പോഴേക്ക് റോഡുകളിലും ബസ് സ്റ്റാൻഡുകളിലുമെല്ലാം കുഴികൾ നിറയുന്ന അവസ്ഥയ്ക്ക് മാറ്റമില്ല. തുടർച്ചയായി പെയ്ത മഴ ഒട്ടൊന്ന് പിൻവാങ്ങിക്കഴിയുമ്പോൾ നഗര-ഗ്രാമ വ്യത്യാസമില്ലാതെ റോഡുകൾ ടാറിംഗ് ഇളകി കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ്.
കാസർഗോഡ് നഗരത്തിന്റെ ജീവനാഡികളായ എംജി റോഡും ബാങ്ക് റോഡും റെയിൽവേ സ്റ്റേഷൻ റോഡുമെല്ലാം ഇതേ നിലയിലാണ്. എംജി റോഡിൽ പുതിയ ബസ് സ്റ്റാൻഡ് മുതൽ ട്രാഫിക് ജംഗ്ഷൻ വരെയുള്ള ദൂരത്തിൽ ചെറുതും വലുതുമായ നൂറോളം കുഴികളാണ് ഉള്ളത്.
ഈ റോഡിൽ നിന്ന് സംസ്ഥാനപാതയിലേക്ക് തിരിയുന്ന ഭാഗത്തും ആഴമേറിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. സുൽത്താൻ ജ്വല്ലറിക്ക് സമീപത്തെ കുഴിയിൽ കഴിഞ്ഞയാഴ്ച ഒരു ഓട്ടോ മറിഞ്ഞിരുന്നു.
റെയിൽവേ സ്റ്റേഷൻ റോഡിലെ തായലങ്ങാടി മുതൽ ബാങ്ക് റോഡിലെ കറന്തക്കാട് വരെയുള്ള ഭാഗം ഈ മഴക്കാലം തുടങ്ങുന്നതിന് ദിവസങ്ങൾക്കുമുമ്പു മാത്രം ടാറിംഗ് പൂർത്തിയാക്കിയതാണ്. ഇപ്പോൾ അതിലേറെയും ഇളകി നാശമായി. തായലങ്ങാടിയിൽ ടാറിംഗ് നടത്താൻ ബാക്കിയായ ഭാഗവും ടാറിംഗ് നടത്തിയ ഭാഗവും തമ്മിൽ ഇപ്പോൾ കാര്യമായ വ്യത്യാസമില്ല.
നഗരത്തിലെ പല റോഡുകൾക്കും ഓവുചാലുകളില്ലാത്തതും ഉള്ളവയിൽ പലതും മൂടിപ്പോയതും റോഡുകളുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികളൊന്നും നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് പരാതി. നഗരത്തിൽ നിന്നും വിദ്യാനഗറിൽ നിന്നും സമീപപ്രദേശങ്ങളിലേക്കുള്ള റോഡുകളധികവും ഇതിലും പരിതാപകരമായ അവസ്ഥയിലാണ്.
കാഞ്ഞങ്ങാട് നഗരത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതയുടെ ഭാഗം മാസങ്ങൾക്കു മുമ്പേ അങ്ങിങ്ങ് ടാറിംഗ് ഇളകിയ നിലയിലായിരുന്നു. ഇപ്പോൾ തുടർച്ചയായ മഴദിനങ്ങൾ കഴിഞ്ഞപ്പോഴേക്കും അതിലേറെയും ആഴമുള്ള കുഴികളായി. നഗരത്തിരക്കിൽ നിന്നൊഴിവാകാൻ ചെറുവാഹനങ്ങൾ പതിവായി ഉപയോഗിച്ചിരുന്ന ശ്രീകൃഷ്ണമന്ദിർ റോഡിലുടനീളം ആഴമേറിയ കുഴികളാണ്. നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള ചെറിയ റോഡുകളിലേറെയും പൊട്ടിപ്പൊളിഞ്ഞു.
തൊട്ടടുത്ത പ്രദേശമായ വെള്ളിക്കോത്തെ റോഡുകളധികവും സിറ്റി ഗ്യാസ് പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ചതോടെ താറുമാറായ നിലയിലാണ്.
നീലേശ്വരത്തെ താത്കാലിക ബസ് സ്റ്റാൻഡ് വീണ്ടും ചെളിയൊഴിയാത്ത നിലയിലായി. പുതിയ ബസ് സ്റ്റാൻഡിന്റെ പണി പൂർത്തിയാകാറായതോടെ ഇനി ഇവിടെ മെറ്റലിട്ട് കാശുകളയാൻ നഗരസഭയ്ക്കും താത്പര്യമില്ല. പക്ഷേ ചെളിനിറഞ്ഞ സ്റ്റാൻഡിൽ ബസുകൾക്കിടയിലൂടെ നടക്കാൻ വിധിക്കപ്പെട്ട യാത്രക്കാരുടെ അവസ്ഥ പരിതാപകരമാണ്.
തകർന്ന റോഡുകളെല്ലാം റീടാറിംഗ് നടത്തണമെങ്കിൽ ഇനി മഴക്കാലം കഴിയണമെന്നാണ് തദ്ദേശസ്ഥാപനങ്ങളുടെ നിലപാട്. റീടാറിംഗ് നടത്തിയാലും അതിന്റെ കാലാവധി അടുത്ത മഴക്കാലം വരെ മാത്രമായിരിക്കുമോ എന്ന ചോദ്യവും ബാക്കിയാണ്.