മഴ കൂടുമ്പോൾ പനിക്കു പിന്നാലെ മഞ്ഞപ്പിത്തവും പടരുന്നു
1580381
Friday, August 1, 2025 1:09 AM IST
കാഞ്ഞങ്ങാട്: മഴ കൂടുമ്പോൾ ജില്ലയിൽ പനിക്കു പിന്നാലെ മഞ്ഞപ്പിത്തവും വ്യാപകമാകുന്നു. ചിത്താരിയിൽ കഴിഞ്ഞ ദിവസം 24 കാരനായ യുവ എൻജിനിയർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു.
ജീവൻപോലും നഷ്ടമാകാവുന്ന രോഗമാണെന്ന കാര്യം കണക്കിലെടുക്കാതെ പലരും തുടക്കത്തിൽ മറ്റു ചികിത്സകൾ തേടിപ്പോകുന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്.
രോഗമെന്തെന്നു മനസിലാക്കാതെ പനിയും ക്ഷീണവും മാത്രമാണെന്നു കരുതി ചികിത്സ വൈകിപ്പിക്കുന്നവരുമുണ്ട്. രോഗം ഗുരുതരമാകുമ്പോഴാണ് കരളിനെ ബാധിക്കുന്നത്.
ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ മാസം മാത്രം ജില്ലയിൽ ഇതുവരെ 118 പേർക്കാണ് രോഗബാധയുണ്ടായത്.
ജൂണിൽ 98 പേർക്കും മെയ് മാസത്തിൽ 109 പേർക്കും മഞ്ഞപ്പിത്ത ബാധയുണ്ടായി. ജനുവരി (70), ഫെബ്രുവരി (42), മാർച്ച് (64), ഏപ്രിൽ (66) എന്നിങ്ങനെയാണ് ഈ വർഷം മറ്റു മാസങ്ങളിൽ രോഗം ബാധിച്ചവരുടെ എണ്ണം.
മലിനജലവും ഭക്ഷണവും വഴിയാണ് പ്രധാനമായും രോഗം പകരുന്നത്. മഴക്കാലത്ത് കുടിവെള്ളത്തിൽപോലും മാലിന്യം കലരാനും രോഗകാരികളായ ബാക്ടീരിയകൾ പെരുകാനുമുള്ള സാധ്യതയേറുന്നതാണ് രോഗബാധ കൂടാൻ കാരണമാകുന്നത്.
ചൂടുവെള്ളം മാത്രം കുടിക്കുക, കുളിക്കാനും ഭക്ഷണം പാകം ചെയ്യാനും പാത്രങ്ങൾ കഴുകാനുമൊക്കെ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക, ശുചിത്വം ഉറപ്പുവരുത്താതെ പുറത്തുനിന്ന് ഭക്ഷണമോ ഐസ്ക്രീം, ജ്യൂസ്, മറ്റു പാനീയങ്ങൾ എന്നിവയോ കഴിക്കാതിരിക്കുക തുടങ്ങിയവയാണ് അവശ്യം സ്വീകരിക്കേണ്ട മുൻകരുതലുകൾ.
കോവിഡ് കാലത്തെന്ന പോലെ ഇടയ്ക്കിടെ കൈകാലുകൾ സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയാക്കുന്നതും ഗുണകരമാണ്.