ഉദ്ഘാടനത്തിനു മുമ്പേ ചോർച്ച; പ്ലാസ്റ്റിക് ഷീറ്റിട്ടു മൂടി പെരുമ്പട്ട സ്കൂൾ കെട്ടിടം
1580287
Thursday, July 31, 2025 7:47 AM IST
പെരുമ്പട്ട: പെരുമ്പട്ട സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിനുവേണ്ടി ഒന്നരക്കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിനു മുമ്പേ ചോർന്നൊലിക്കുന്നു. കെട്ടിടത്തിന്റെ മേൽക്കൂരയിലെ പ്രധാന സ്ലാബിൽ നിന്ന് വെള്ളമിറങ്ങി ചുവരുകൾ നനഞ്ഞുകുതിർന്ന നിലയിലാണ്.
കനത്ത മഴ പെയ്തപ്പോൾ കെട്ടിടത്തിന്റെ രണ്ട് മുറികളിൽ വെള്ളം കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് കരാറുകാരെത്തി ചോർച്ചയുള്ള ഭാഗങ്ങളിൽ സിമന്റ് പൂശി പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയ നിലയിലാണ്.
വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിന്റെ പേരിലാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നീണ്ടുപോയത്. കെട്ടിടത്തിലെ പ്ലംബിംഗ് ജോലികൾ നടന്നുവരികയാണ്. വയറിംഗുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പൈപ്പ് വഴിയും ചോർച്ചയുണ്ടെന്ന് നാട്ടുകാർ പറയുന്നു. കെട്ടിടത്തിന്റെ നിർമാണത്തിലെ അപാകതകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വിജിലൻസിനും വിദ്യാഭ്യാസമന്ത്രിക്കും പൊതുമരാമത്ത് അധികൃതർക്കും പരാതി സമർപ്പിച്ചിട്ടുണ്ട്.
കുട്ടികളുടെ കുറവ് മൂലം സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ നിലനില്പ് തന്നെ ഭീഷണിയിലായിരിക്കേയാണ് പുതിയ കെട്ടിടവും അപകടനിലയിലായത്. കുന്നിടിച്ച് നിരപ്പാക്കിയ സ്ഥലത്താണ് സ്കൂളിന്റെ കെട്ടിടങ്ങളെല്ലാം നിർമിച്ചിട്ടുള്ളത്.
യുപി വിഭാഗം ക്ലാസുകൾ നടക്കുന്ന കെട്ടിടത്തിനു സമീപം മണ്ണിടിച്ചിലിനുള്ള സാധ്യത മുൻനിർത്തി സംരക്ഷണഭിത്തി കെട്ടാൻ രണ്ടുവർഷം മുമ്പ് ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറാക്കി പണം അനുവദിച്ചിരുന്നെങ്കിലും അതും നടപ്പായിട്ടില്ല.