വനംവകുപ്പ് ജീവനക്കാർ അവകാശസംരക്ഷണ സമരം നടത്തി
1580281
Thursday, July 31, 2025 7:47 AM IST
കാസർഗോഡ്: ജീവൻ പോലും പണയം വെച്ച് വനാന്തരങ്ങളിൽ ജോലി ചെയ്യുന്ന വനംവകുപ്പ് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാരും വകുപ്പും ഉണർന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി അവകാശ സംരക്ഷണ സമരം നടത്തി.
കാസർഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എൻ. രമേശൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി. സത്യൻ, സംസ്ഥാന കമ്മിറ്റി അംഗം എം. ചന്ദ്രൻ, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. മധുസൂദനൻ, ജില്ലാ സെക്രട്ടറി പി.സി. യശോദ, കെ. ധനഞ്ജയൻ, ബി. വിനീത്, കെ. രാജു, വി. വിനീത്, ടി.എം. സിനി, ഒ. സുരേന്ദ്രൻ, ജി. സൗമ്യ എന്നിവർ നേതൃത്വം നല്കി.
ഡ്യൂട്ടി റസ്റ്റ് ഉത്തരവ് പുനഃസ്ഥാപിക്കുക, നഷ്ടപ്പെട്ട 20 സെക്ഷൻ ഫോറസ്റ്റ് ഓഫീസർ തസ്തികകൾ പുനഃസ്ഥാപിക്കുക, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ സ്ഥാനക്കയറ്റത്തിനുള്ള കാലതാമസം ഒഴിവാക്കുക, ഫോറസ്റ്റ് വാച്ചർമാരുടെ പേര് കാലാനുസൃതമായി പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.