താത്കാലിക ഡോക്ടർമാർക്ക് വേതനം മുടങ്ങിയിട്ട് മൂന്നുമാസം
1580972
Sunday, August 3, 2025 7:27 AM IST
കാഞ്ഞങ്ങാട്: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ താത്കാലിക നിയമനം നല്കിയ ഡോക്ടർമാർക്ക് മൂന്നുമാസമായി വേതനമില്ല. ട്രഷറിയിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നങ്ങളാണ് വേതനം മുടങ്ങാൻ കാരണമായതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
സ്കൂളുകളിലെ താത്കാലിക അധ്യാപകരുടെ വേതനവും ഇത്തരത്തിൽ മുടങ്ങിയിരുന്നു. പിന്നീട് ധനകാര്യവകുപ്പ് പ്രത്യേക ഉത്തരവിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു. എന്നാൽ ആരോഗ്യവകുപ്പ് ജീവനക്കാരുടെ കാര്യത്തിൽ ഇതുവരെ ഇത്തരത്തിലുള്ള ഉത്തരവ് ഇറങ്ങാത്തതാണ് പ്രശ്നം.
ചെറിയൊരു സാങ്കേതികപ്രശ്നം മാത്രമാണെങ്കിലും അത് പരിഹരിക്കാൻ ബന്ധപ്പെട്ടവർ വേണ്ടത്ര താത്പര്യമെടുക്കുന്നില്ലെന്നാണ് പരാതി.
താത്കാലിക നിയമനം ലഭിക്കുന്ന ഡോക്ടർമാർക്ക് പ്രതിമാസം 52,000 രൂപയാണ് വേതനമായി നൽകുന്നത്. സ്ഥിരം ഡോക്ടർമാരുടെ അടിസ്ഥാന ശമ്പളം തന്നെ 70,000 രൂപ മുതൽ തുടങ്ങുന്നതാണ്.
താത്കാലിക നിയമനങ്ങൾക്കായി പലതവണ അഭിമുഖം നടത്തിയിട്ടും വളരെ കുറച്ചുപേർ മാത്രമാണ് തയ്യാറായി വന്നത്. ഇവർക്കെല്ലാം നിയമനം നൽകുകയും ചെയ്തു.
സ്ഥിരം ഡോക്ടർമാരുടെ ക്ഷാമം മൂലം ഇവരെല്ലാം കടുത്ത ജോലിഭാരവും നേരിടുന്നുണ്ട്. താരതമ്യേന കുറവായ വേതനം പോലും കൃത്യമായി ലഭിക്കുന്നില്ലെന്ന നിലയായാൽ ഇനി ഇവരുടെ സേവനവും അധികകാലം നീളാനിടയില്ലെന്നാണ് നാട്ടുകാരുടെ ആശങ്ക.