ഓണം സ്പെഷ്യൽ തീവണ്ടികൾക്ക് ജില്ലയിൽ രണ്ട് സ്റ്റോപ്പുകൾ മാത്രം
1580973
Sunday, August 3, 2025 7:27 AM IST
നീലേശ്വരം: ഇത്തവണത്തെ ഓണം സ്പെഷ്യൽ തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചതിൽ ജില്ലയോട് അവഗണനയെന്ന് ആക്ഷേപം. കാസർഗോഡും കാഞ്ഞങ്ങാടും മാത്രമാണ് ജില്ലയിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
മംഗളൂരു-തിരുവനന്തപുരം നോർത്ത്, മംഗളുരു- കൊല്ലം എന്നീ റൂട്ടുകളിലാണ് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ ജില്ലയിൽ മാത്രം അഞ്ച് സ്റ്റേഷനുകളിലാണ് ഈ വണ്ടികൾക്ക് സ്റ്റോപ്പുകൾ നൽകിയിരിക്കുന്നതെന്ന് നീലേശ്വരം റെയിൽവേ ഡെവലപ്മെന്റ് കളക്ടീവ് (എൻആർഡിസി) യോഗം ചൂണ്ടിക്കാട്ടി.
വരുമാനം തീരെ കുറഞ്ഞ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള വരുമാനം ഉയരുമ്പോഴും റെയിൽവേ അധികൃതർക്ക് ജില്ലയോടുള്ള അവഗണനയിൽ മാറ്റമില്ലാത്തത് പ്രതിഷേധാർഹമാണെന്ന് യോഗം വിലയിരുത്തി.
ഓണം സ്പെഷ്യൽ തീവണ്ടികൾക്ക് ജില്ലയിലെ മൂന്നാമത്തെ പ്രധാന സ്റ്റേഷനായ നീലേശ്വരത്തെങ്കിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് എൻആർഡിസി യോഗം മുഖ്യരക്ഷാധികാരി പി. മനോജ് കുമാർ മുഖേന റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
യോഗത്തിൽ എൻആർഡിസി പ്രസിഡന്റ് എൻ. സദാശിവൻ അധ്യക്ഷനായി. സെക്രട്ടറി എം. വിനീത്, ട്രഷറർ സി.എം. സുരേഷ്കുമാർ, ഡോ.വി. സുരേശൻ, കെ. ബാബുരാജ്, പി.യു. ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.