വയനാട് ധനസമാഹരണം: ഡിസിസി സെക്രട്ടറിക്കെതിരായ വാർത്തകൾ അടിസ്ഥാനരഹിതം-പി.കെ. ഫൈസൽ
1580966
Sunday, August 3, 2025 7:27 AM IST
കാസർഗോഡ്: കെപിസിസിയുടെ വയനാട് പുനരധിവാസ ഭവനനിർമാണ ധനസമാഹരണവുമായി ബന്ധപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരനെതിരെ തത്പരകക്ഷികൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അറിയിച്ചു.
എം.സി. പ്രഭാകരൻ തന്റെ മകന്റെ വിവാഹസൽക്കാര ചടങ്ങിൽ വച്ചാണ് വയനാട് പുനരധിവാസ ഭവനനിർമ്മാണ ഫണ്ടിലേക്ക് നാല് ലക്ഷം രൂപ സംഭാവന നൽകുന്നതായി അറിയിച്ചുകൊണ്ട് ചെക്ക് കൈമാറിയത്.
വരുന്ന ഓഗസ്റ്റ് 15 ന് ഈ തുക കെപിസിസിക്ക് കൈമാറാൻ നേരത്തേ തീരുമാനമായതാണ്. ഇതിനിടയിലാണ് ചില മാധ്യമങ്ങൾ ഇതുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ നൽകിയതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ചെക്ക് ഇതുവരെ ബാങ്കിൽ ഹാജരാക്കുകയോ അതിൽ പണമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയോ ചെയ്തിട്ടില്ല. വ്യാജവാർത്തകൾ നൽകിയ ചാനലുകൾക്കും പത്രങ്ങൾക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.